എഡിൻബർഗ്: സ്കോട്‍ലാൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. പെരുമ്പാവൂർ സ്വദേശിയായ 22 കാരി സാന്ദ്ര എലിസബത്ത് സജുവിന്റേതെന്ന് കരുതപ്പെടുന്ന മൃതദേഹം എഡിൻബർഗിന് സമീപത്തെ ന്യൂ ബ്രിഡ്ജിലെ ആൽമണ്ട് നദിയിൽ നിന്ന് കണ്ടെത്തിയതായാണ് സ്കോട്‍ലാൻഡ് പൊലീസ് വിശദമാക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വിശദമാക്കുന്നത്. ഹെരിയറ്റ് വാട്ട് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ സാന്ദ്ര എലിസബത്ത് സജുവിനെ അവസാനമായി കണ്ടത് ഡിസംബർ ആറിന് എഡിൻബർഗിന് പടിഞ്ഞാറ് ഭാഗത്തുള്ള ലിവിംഗ്സ്റ്റണിലായിരുന്നു.
മൃതദേഹം യുവതിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുവതിയുടെ കുടുംബത്തെ അറിയിച്ചതായാണ് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വിവരം കുടുംബത്തെ അറിയിച്ചതായാണ് സാന്ദ്രയുടെ ബന്ധു പ്രതികരിക്കുന്നത്. കുടുംബത്തെ വിവരം അറിയിച്ചതായാണ് സ്കോട്‍ലാൻഡ് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റും വിശദമാക്കുന്നത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ ആയവരിൽ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട് സ്കോട്‍ലാൻഡ് പൊലീസ് നേരത്തെ സഹായം തേടിയിരുന്നു.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 633 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശരാജ്യങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്. ഇതിൽ കാനഡയിലാണ് ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ മരണപ്പെട്ടിട്ടുള്ളത്. 172 വിദ്യാർത്ഥികളാണ് കാനഡയിൽ മാത്രം മരണപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച ലോക്സഭയിൽ വിശദമാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അമേരിക്കയിൽ 108, യുകെയിൽ 58, ഓസ്ട്രേലിയ 57, റഷ്യയിൽ 37, ജർമനിയിൽ 24, യുക്രൈൻ 18, ജോർജ്ജിയ, കിർഗിസ്ഥാൻ 12, ചൈന 8 എന്നിങ്ങനെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചിട്ടുള്ളത്.
content highlight : search-for-missing-kerala-student-santra-in-scotland-ends-tragedy-body-found-almond-river