Travel

വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ | Varkala and Ponmudi at a glance! Amazing sea view

ആനയുടെ ആകൃതിയിലാണ് ഈ കല്ലുകളുള്ളത്

തിരുവനന്തപുരത്തിനു മാത്രം സമ്മാനിക്കുവാന്‍ കഴിയുന്ന ചില കാഴ്ചകളുണ്ട്. പുല്‍മേടുകള്‍ കൊണ്ടു സ്വര്‍ഗ്ഗം തീര്‍ത്ത, കാട്ടുപോത്തുകള്‍ വിരുന്നെത്തുന്ന പാണ്ടിപ്പത്തും മാര്‍ത്താണ്ഡ വര്‍മ്മ അമ്പ് വലിച്ചൂരി എന്നു വിശ്വസിക്കപ്പെടുന്ന അമ്പൂരിയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ദ്രവ്യപ്പാറയും അവയില്‍ ചിലതു മാത്രമാണ്. ഇത് കൂടാതെ വേറെയും നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ കാല്പെരുമാറ്റം കേള്‍ക്കുവാനായി കാത്തികിടക്കുന്ന കുറച്ച് ഇടങ്ങള്‍. അത്തരത്തിലൊരിടമാണ് കടലുകാണിപ്പാറ. തിരുവനന്തപുരം വിനോദ സ‍ഞ്ചാരത്തിന്റെ മാറ്റത്തിന്റെ പുതിയ മുഖമായി മാറുവാനൊരുങ്ങുന്ന കടലുകാണിപ്പാറയുടെ വിശേഷങ്ങളിലേക്ക്

തിരുവനന്തപുരത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത നാടാണ് കടലുകാണിപ്പാറ. മാറുന്ന വിനോദ സഞ്ചാരത്തിന്റെ അടയാളമായി മാറുവാനുള്ള ഒരുക്കത്തിലാണ് ഈ നാട്. ചരിത്രവും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ഇവിടം മറ്റു സ്ഥലങ്ങളില്‍ നിന്നും യാത്രകളില്‍ നിന്നും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. കടലുകാണിപ്പാറ അതിമനോഹരമായ കാഴ്ചകളുമായാണ് ഇവിടെ കാത്തിരിക്കുന്നത്. പരസ്പരം തൊടാതെ നില്‍ക്കുന്ന ആറു വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ആനയുടെ ആകൃതിയിലാണ് ഈ കല്ലുകളുള്ളത്. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

നല്ലപോലെ തെളിഞ്ഞ അന്തരീക്ഷത്തില്‍ വര്‍ക്കല ബീച്ചും പൊന്മുടി ഹില്‍സ്റ്റേഷനു വരെ ഇവിടെ നിന്നും കാണാം. പാറയുടെ ഏറ്റവും മുകളില്‍ നിന്നാലാണ് ഈ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുക. ഈ കാഴ്ചകളും സൂര്യാസ്മയവും ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വ്യൂ പോയിന്‍റിനു തൊട്ടടുത്തു വരെ വാഹനം എത്തുന്നതിനാല്‍ ആര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലം കൂടിയായി കടലുകാണിപ്പാറ മാറിയിട്ടുണ്ട്.ഇവിടുത്തെ മറ്റൊരു പ്രത്യേകത നൂറ്റാണ്ടുകള്‍ പഴക്കമുളള ഗുഹാ ക്ഷേത്രമാണ്. സന്യാസിമാര്‍ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലുകാണിപ്പാറയുടെ സമ്പന്നമായ ചരിത്രമാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിച്ചു. കേരളത്തിന്റെ ടൂറിസം ഭുപടത്തില്‍ കടലുകാണിപ്പാറയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സന്യാസിവര്യന്മാര്‍ തപസ്സനുഷ്ഠിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടലുകാണിപ്പാറയിലെ ഗുഹാക്ഷേത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കും. വിശ്വാസവും പ്രകൃതിയുടെ വശ്യസൗന്ദര്യവും ഒന്നിക്കുന്ന ഈ പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ഇതിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: varkala-and-ponmudi-at-a-glance-amazing-sea-view