ഗസ്സ സിറ്റി: ഇസ്രായേൽ സേനയുടെ വംശഹത്യ തുടരുന്നതിനിടെ അതിശൈത്യത്തിൽ ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങൾ മരവിച്ച് മരിക്കുന്നു. ഒരാഴ്ചക്കിടെ ആറാമത്തെ നവജാത ശിശുവും മരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളിലെ ഒരുമാസം മാത്രം പ്രായമുള്ള അലി അൽബത്റാനാണ് ദൈർ അൽബലഹിലെ ടെന്റിൽ മരിച്ചത്. അലിക്കൊപ്പം ജനിച്ച ജുമ അൽ ബത്റാൻ ഞായറാഴ്ച മരിച്ചിരുന്നു. നാലു മുതൽ 21 വരെ ദിവസം മാത്രം പ്രായമുള്ള നാലു പിഞ്ചുകുഞ്ഞുങ്ങൾ ദിവസങ്ങൾക്കു മുമ്പ് കൊടും തണുപ്പിൽ മരവിച്ച് മരിച്ചിരുന്നു. ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം കനപ്പിച്ച സാഹചര്യത്തിലാണ് കുഞ്ഞുങ്ങളുടെ മരണസംഖ്യ ഉയരുന്നത്.
കുറഞ്ഞ താപനിലയും ക്യാമ്പിലെ ടെന്റുകളിൽ താപനില ക്രമീകരിക്കാനുള്ള സംവിധാനമില്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഗസ്സയിലെ മെഡിക്കൽ റിലീഫ് ഡയറക്ടർ മുഹമ്മദ് അബൂ അഫാശ് പറഞ്ഞു. ഗസ്സയിലെ അമ്മമാർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യമില്ല. കുടിവെള്ളവും പുതപ്പും വസ്ത്രങ്ങളും കിട്ടുന്നില്ല. അതിശൈത്യം ഗസ്സയിൽ ദുരന്തത്തിന് കാരണമാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയും അൽ വഫ ആശുപത്രിക്കു നേരെ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു മാസത്തിലേറെയായി രൂക്ഷമായ ആക്രമണം നടത്തുകയും ഭക്ഷണം അടക്കമുള്ള സഹായം വിലക്കുകയും ചെയ്ത ഉത്തര ഗസ്സയിലെ ബൈത് ഹാനൂനിൽനിന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടു. ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഒഴിപ്പിക്കൽ. കമാൽ അദ്വാൻ ആശുപത്രി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നിലവിൽ അൽ ഔദ ആശുപത്രി മാത്രമാണ് ഉത്തര ഗസ്സയിൽ പ്രവർത്തിക്കുന്നത്. അധിനിവേശം ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഒഴിപ്പിക്കൽ എന്ന റിപ്പോർട്ട് ശരിവെക്കുന്നതാണ് ഉത്തരവ്.
content highlight : sixth-newborn-baby-froze-to-death
















