കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.