ഭോപാൽ: അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവിതം ദുരിതത്തിലാക്കുകയും 5479 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭോപാൽ വാതക ദുരന്തം നടന്ന് 40 വർഷത്തിനുശേഷം ദുരന്തസ്ഥലത്തെ 377 ടൺ വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ശാസനയെ തുടർന്നാണിത്. യൂണിയൻ കാർബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്ടറിയിൽ നിന്നു മീതൈൽ ഐസോസയനേറ്റ് വിഷവാതകം ചോർന്ന് ദുരന്തമുണ്ടായത്. 1984 ഡിസംബർ 2–3 തീയതികളിലായിരുന്നു.
250 കിലോമീറ്റർ അകലെ ഇൻഡോറിനു സമീപമുള്ള പീതാംപുറിലെ ഇൻസിനറേഷൻ പ്ലാന്റിലേക്കാണ് അതീവ സുരക്ഷയിൽ വിഷാവശിഷ്ടങ്ങൾ നീക്കുന്നത്. പീതാംപുർ വരെയുള്ള പാതയിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് പീതാംപുറിലെത്തിക്കുന്ന വിഷാവശിഷ്ടങ്ങൾ കത്തിച്ച് ലഭിക്കുന്ന ചാരം പരിശോധിച്ച് വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തും. സുരക്ഷാ ആശങ്കയിൽ 1.7 ലക്ഷം ആളുകൾ വസിക്കുന്ന വ്യവസായനഗരമായ പീതാംപുറിലെ ആളുകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.