ഇടുക്കി: സഹകരണ സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി എം.എം.മണി എംഎൽഎ. കട്ടപ്പനയിലെ സൊസൈറ്റി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.
സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിന്‍റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശം. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.
ഇതിനിടെ, കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ മരിച്ചു. ത്രേസ്യാമ്മ തോമസ് (90) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിൽ ആയിരുന്നു.സംസ്കാരം വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ നടക്കും.