കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.
ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.
ഡിസംബർ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 11,600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.