ശബരിമല: ശബരിമല മകരവിളക്ക് പൂജകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. മകരവിളക്ക് ജനുവരി 14നാണ്. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം. ബുക്ക് ചെയ്യാത്തവർക്ക് സ്പോട് ബുക്കിങ്ങാണ് ഇനി ആശ്രയം.