ഗാസ: താൽക്കാലിക ടെന്റിൽ കഴിയുന്ന അഭയാർഥി കുടുംബത്തിലെ ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളിൽ രണ്ടാമത്തെ കുഞ്ഞും കൊടുംതണുപ്പുമൂലം മരിച്ചു. മധ്യ ഗാസയിലെ അൽ അഖ്സ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുകയായിരുന്ന അലി എന്ന ആൺകുഞ്ഞാണ് ഇന്നലെ മരിച്ചത്. അലിയുടെ ഇരട്ടസഹോദരൻ ജുമാ ടെന്റിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗാസയിൽ കൊടുംതണുപ്പു മൂലം കുഞ്ഞുങ്ങളുടെ മരണം ഇതോടെ ആറായി. മാസം തികയാതെ ജനിച്ച ഈ കുഞ്ഞുങ്ങൾക്ക് യുദ്ധം മൂലം ആവശ്യത്തിന് ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രി പരിചരണം ലഭിച്ചത് ഒരു ദിവസം മാത്രം. മധ്യഗാസയിലെ ദെയ്ർ അൽബാലയിൽ കടലിനു സമീപത്തെ താൽകാലിക ടെന്റിലാണു കുടുംബം കഴിയുന്നത്. ഇവിടെ ഏതുസമയവും തണുത്ത കാറ്റാണ്. മഞ്ഞും മഴയും വെള്ളപ്പൊക്കവും മൂലം മോശം അവസ്ഥയിലായ ടെന്റിനുള്ളിൽ കമ്പിളിയുൾപ്പെടെ വസ്ത്രങ്ങൾ ആവശ്യത്തിനില്ല. ഐസ് പോലെ തണുത്ത്, ദേഹം വിളറി വെളുത്താണ് ടെന്റിൽ ജുമ മരിച്ചത്. പോഷകാഹാരക്കുറവും കുഞ്ഞുങ്ങളുടെ ജീവനെടുക്കുകയാണ്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45,541 ആയി.