ഒമാനിലെ പുതിയ വൈദ്യുതി നിരക്കുകൾ പ്രഖ്യാപിച്ചു. അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വൈദ്യുതി താരിഫുകൾ പ്രഖ്യാപിച്ചത്. വൈദ്യുതി കണക്ഷനും വിതരണത്തിനുമുള്ള താരിഫിലെ നിരവധി വ്യവസ്ഥകൾ ഭേദഗതി ചെയ്ത തീരുമാനമാണ് APSR ഡയറക്ടർ ബോർഡ് ചെയർമാൻ അറിയിച്ചത്. ഗാർഹിക- വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്കുകളിൽ മാറ്റമുണ്ട്. നിലവിലെ ഉപഭോക്താക്കളെയും പുതിയ കണക്ഷനുകൾ എടുക്കുന്നവരെയും ബാധിക്കുന്ന വിധത്തിലാണ് വൈദ്യുതി നിരക്കിലെ മാറ്റം. ഉപയോഗിക്കുന്ന യൂണിറ്റ് അനുസരിച്ച് നിരക്ക് മാറും. താമസ കെട്ടിടങ്ങൾ, വാണിജ്യ ആവശ്യത്തിനുള്ള സ്ഥാപനങ്ങൾ, കാർഷിക- മത്സ്യബന്ധന മേഖലയിലെ വൈദ്യുതി കണക്ഷൻ എന്നിവയ്ക്കെല്ലാം നിരക്കിൽ മാറ്റമുണ്ടാകും. വൈദ്യുതി ഉൽപാദനത്തിലെ ചെലവുകൂടി പരിഗണിച്ചാണ് നിരക്ക് പുതുക്കി നിശ്ചയിച്ചതെന്ന് പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ സാലിം ബിൻ നാസർ ബിൻ സഈദ് അൽ ഔഫി വ്യക്തമാക്കി. ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ താരിഫിൽ മീറ്ററിന്റെ വിലയോ, സർവീസ്, കേബിൾ കണക്ഷനുമായി ബന്ധപ്പെട്ട മറ്റു ചെലവുകളോ ഉൾപ്പെടില്ലെന്നും അധികൃതർ വിശദീകരിച്ചു.
4000 കിലോ വാട്ട് വരെയുള്ള ഉപഭോഗത്തിന് ഒരു കിലോവാട്ടിന് 14 ബൈസയും 4,001 നും 6,000 kWh നും ഇടയിലുള്ള ഉപഭോഗത്തിന് 1 kWh ന് 18 ബൈസയുമാണ് നിരക്ക് ആറായിരത്തിന് മുകളിൽ 32 ബൈസയുമാണ്. എന്നാൽ അഡീഷനൽ അക്കൗണ്ട് താരിഫിൽ മാറ്റമുണ്ട്. ഈ വിഭാഗത്തിൽ 4000 കിലോവാട്ട് വരെയുള്ള ഉപഭോഗത്തിന് കിലോവാട്ടിന് 22 ബൈസയാണ്. നാലായിരം മുതൽ ആറായിരം വരെയുള്ളതിന്റെ നിരക്ക് 26 ബൈസയും
നോൺ റെസിഡൻഷ്യൽ വിഭാഗക്കാർക്ക് എല്ലാ ഉപഭോഗ തലങ്ങളിലും 1 kWh ന് 25 ബൈസ എന്ന ഫ്ളാറ്റ് നിരക്ക് ബാധകമാണ്. കാർഷിക, മത്സ്യബന്ധന വരിക്കാർക്ക് 3,000 kWh വരെയുള്ള ഉപഭോഗത്തിന് 1 kWh ന് 12 ബൈസയും 3,001 നും 6,000 kWh നും ഇടയിലുള്ള ഉപഭോഗത്തിന് 1 16 ബൈസയും 6,000 ന് മുകളിലാണെങ്കിൽ 24 ബൈസയുമാണ് നിരക്ക്. APSR അംഗീകരിച്ച ലൈസൻസിയുടെ വൈദ്യുതി കണക്ഷന് അനുസൃതമായിരിക്കും താരിഫ്. ഈ താരിഫുകളിൽ മീറ്ററിന്റെ വില, കണക്ഷൻ ആക്‌സസറികൾ, ഊർജ്ജ സ്രോതസ്സിനും വരിക്കാരുടെ വസ്തുവിനും ഇടയിലുള്ള സർവീസ് കേബിൾ അല്ലെങ്കിൽ ഇൻസ്റ്റാളേഷൻ ലേബർ ചെലവുകൾ എന്നിവ ഉൾപ്പെടുന്നില്ല. ജനുവരി 1-നാണ് പുതിയ നിരക്ക് നിലവിൽ വരിക.