മാഹിയിൽ ജനുവരി ഒന്നു മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് അഥവാ മൂല്യവർധിത നികുതി വർദ്ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ധന വില കൂടുമ്പോൾ മാഹിയിലേക്ക് വച്ചുപിടിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാവുക.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുവർഷത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണമാണ് ഇന്ധനത്തിനുള്ള വാറ്റ് വർധന. പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമാവും. ഡീസൽ 6.91ശതമാനത്തിൽ നിന്നും 9.52 ശതമാനമായി മാറും. ചുരുക്കി പറഞ്ഞാൽ നിലവിലെ വിലയിൽ മൂന്നര രൂപയോളം മാറ്റമുണ്ടാകുമെന്ന് സാരം.
പുതുച്ചേരിയുടെ വിവിധ മേഖലയിൽ വ്യത്യസ്ത രീതിയിലാണ് വില വർധന വരിക. ഇതിൽ തന്നെ ഏറ്റവും ഉയർന്ന വിലയാവും മാഹിയിൽ വരിക. എന്നാലും സമീപ സംസ്ഥാനങ്ങളായ കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ധന വില പുതുച്ചേരിയിൽ കുറഞ്ഞ് നിൽക്കുമെന്നാണ് ലഫ്റ്റനന്റ് ഗവർണർ വിശദമാക്കിയത്. 2021ലായിരുന്നു ഇതിന് മുൻപ് പുതുച്ചേരിയിൽ വാറ്റ് വർധനവ് വന്നത്.