2023 ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ എട്ടാം പ്രതി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹര്‍ജി. തിരുവനന്തപുരം അഡിഷണല്‍. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന് മുമ്പാകെയാണ് പേട്ട പോലീസ് ഹര്‍ജി ഫയല്‍ ചെയ്തത്. 2023 ലെ പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തിന് ശേഷം വീണ്ടും കൊച്ചി മരട് കുണ്ടന്നൂര്‍ ഫ്ളാറ്റില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലും ഡി.ജെ പാര്‍ട്ടി ലഹരിക്കേസിലും മറ്റും പ്രതിയായതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിഷ്‌ക്കര്‍ശിച്ച മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ പാറ്റൂര്‍ കേസിലെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് ഉത്തരവിട്ട് പ്രതിയെ ജയിലിലടയ്ക്കണമെന്നാണ് ഹര്‍ജി. ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ആദ്യ ദിനത്തില്‍ ഒത്തുകളിച്ച കേസാണിതെന്ന ആക്ഷേപമുണ്ട്. എട്ടാം പ്രതി ഓം പ്രകാശിന്റെ ജാമ്യഹര്‍ജി എ.സി.ജെ.എം തള്ളിയിരുന്നു. 2023 ഡിസംബര്‍ 4 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് ജാമ്യം നിരസിച്ചത്.
കൊടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ജാമ്യംനല്‍കി സ്വതന്ത്രനാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഓം പ്രകാശിന്റെ റിമാന്റ് 2024 ജനുവരി 1 വരെ ദീര്‍ഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. ഓംപ്രകാശിനെ 2023 ഡിസംബറില്‍ 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്റ് ദീര്‍ഘിപ്പിച്ചത്. തുറന്ന കോടതിയില്‍ ഹാജരാക്കാതെ പ്രതിയെ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയാണ് റിമാന്റ് കാലാവധി ദീര്‍ഘിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനായാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
CONTENT HIGH LIGHTS; Patur gang attack: Police petition to cancel Om Prakash’s bail; The demand in the petition is that the bail of the accused should be canceled as he is also accused in a drug case involving film stars in Kochi