യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ എല്ലാ വഴിയും തേടുന്നുണ്ടെന്ന് അറിയാമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ട്. വിഷയത്തിൽ കേന്ദ്രവും ഇടപെടുമെന്ന് സൂചിപ്പിച്ചാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്.
തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്‌ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയ.
വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണ് വിവരം. വധശിക്ഷ പ്രസിഡന്റ് ശരിവച്ച വിവരം യെമനിൽ നിമിഷപ്രിയയ്ക്കുള്ള നിയമസഹായവും മോചന ശ്രമങ്ങളും ഏകോപിപ്പിക്കുന്ന സാമുവേൽ ജെറോമാണു സ്‌ഥിരീകരിച്ചത്. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്.
ഇതിനിടെ 2 തവണ മകളെ ജയിലിൽ ചെന്നു കാണാൻ സാധിച്ചു. തലാലിന്റെ കുടുംബത്തിനു ദയാധനം (ബ്ലഡ് മണി) നൽകി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നായിരുന്നു ആവശ്യം. ഇതിനായി 19,871 ഡോളർ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി.
2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷ പ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണ് നിമിഷ അറസ്‌റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.
മോചനശ്രമം ഇനിയും സാധ്യം
നിമിഷപ്രിയയുടെ മോചനശ്രമം ഇനിയും തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകേണ്ടതു തലാലിൻ്റെ കുടുംബത്തിൽനിന്നാണെന്നും സാമുവൽ ജെറോം പറഞ്ഞു. അതേസമയം, ശിക്ഷ ശരിവച്ചതിനെക്കുറിച്ച് അറിവില്ലെന്നു നിമിഷയുടെ ഭർത്താവും തൊടുപുഴ സ്വദേശിയുമായ ടോമി തോമസ് പറഞ്ഞു. മകളോടൊപ്പം നാട്ടിൽ കഴിയുകയാണ് ടോമി. സനായിൽനിന്നു പ്രേമ കുമാരിയും ജയിലിൽനിന്നു നിമിഷയും ഫോണിൽ സംസാരിക്കാറുണ്ട്. വധശിക്ഷ സംബന്ധിച്ച് അവർ ഒന്നും അറിയിച്ചിട്ടില്ലെന്ന് ടോമി പറഞ്ഞു.