കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നെടുത്ത x ray യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.
മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ . വീഴ്ചയുടെ ആഘാതത്തിൽ കുറച്ചധികം രക്തം ശ്വാസകോശത്തിൽ പോയിട്ടുണ്ട് അത് ആന്റീബയോട്ടിക്കുകളുടെ സഹായത്തോടെ മാറ്റാൻ സാധിക്കുമെന്ന് ഡോക്ടർ കൃഷ്ണനുണ്ണി പറഞ്ഞു.
എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ് കഴിയുന്നത്. ഗുരുതരാവസ്ഥയിൽ നിന്ന് പൂർണമായും തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂറിന് ശേഷം മാത്രമേ അക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകുകയുള്ളൂ. പൂർണ ബോധാവസ്ഥയിലല്ല. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. കൈയ്യിൽ മുറുക്കെ പിടിച്ചു. രാവിലെ മകൻ വിഷ്ണു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.
ശ്വാസകോശത്തിലെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സകളാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിൽ അണുബാധ കുറവാണ്.എന്നാൽ ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ട്. പതുക്കെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തും. ലഭ്യമായ മെഡിക്കൽ റിപ്പോർട്ടുകളിൽ കുഴപ്പമില്ലാതെ അവസ്ഥയാണ് കാണപ്പെടുന്നത്. ഇനി ട്യൂബിലൂടെ ആഹാരങ്ങൾ കൊടുത്തു തുടങ്ങും എന്നിട്ടുള്ള അവസ്ഥകൾ നിരീക്ഷിക്കുകയാണ് ഇനി ചെയ്യാൻ പോകുന്നത്. നിലവിൽ എംഎൽഎ ഡോക്ടർമാർ പറയുന്നതിനോട് പ്രതികരിക്കുന്നുണ്ട്.