മലയാളി സംരംഭകനായ ലജേഷ് കോലത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത എസ്എംഇ സംരംഭക പ്ലാറ്റ്‌ഫോമായ നമ്പര്‍ വണ്‍ അക്കാദമിയില്‍ സന്തോഷ് നായര്‍ കോച്ചിംഗ് അക്കാദമി മൂന്നു കോടി രൂപയുടെ നിക്ഷേപം നടത്തി. വി ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സ്‌ട്രൈഡ്‌സ് ഫാര്‍മ സിംഗപ്പൂരിന്റെ സിഇഒ മോഹന്‍ കുമാര്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലെയും കേരളത്തിലെയും പ്രമുഖ വ്യവസായികളില്‍ നിന്ന് നമ്പര്‍ വണ്‍ അക്കാദമി ഗണ്യമായ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കോച്ചിംഗ്, ട്രെയിനിംഗ് ഇന്‍ഡസ്ട്രിയില്‍ 25 വര്‍ഷത്തെ വൈദഗ്ധ്യമുള്ള ‘ടൈഗര്‍’ സന്തോഷ് നായരുടെ നിക്ഷേപം ലഭിച്ചത്.
പുതിയ ഫണ്ടിംഗ് ഉപയോഗിച്ച് ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും ബിസിനസ് കോഴ്‌സുകള്‍ വിപുലീകരിക്കുമെന്ന് നമ്പര്‍ വണ്‍ അക്കാദമി സിഇഒ ലജേഷ് കോലത്ത് അറിയിച്ചു. ഹിന്ദിയിലൂടെയും പത്തിലധികം പ്രാദേശിക ഭാഷകളിലൂടെയും രാജ്യമാകെയുള്ള സംരംഭകരിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും അക്കാദമിക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രാജ്യമാകെ സംരംഭകരെ സഹായിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് പുതിയ നിക്ഷേപത്തിലൂടെ അക്കാദമി ലക്ഷ്യമിടുന്നതെന്ന് സന്തോഷ് നായര്‍ പറഞ്ഞു.
സാങ്കേതികവിദ്യയും ബിസിനസ് വൈദഗ്ധ്യവും ഉപയോഗിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഹൈബ്രിഡ് ലേണിംഗ് പ്ലാറ്റ്‌ഫോമായ നമ്പര്‍ വണ്‍ അക്കാദമി 60 ലധികം കോഴ്‌സുകള്‍ ലഭ്യമാക്കുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിന് എസ്എംഇകളെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്ത എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടായ എന്‍ഒഎ ചെറുകിട സംരംഭകരുടെ വഴികാട്ടിയാണ്.