ഒമാനിലെ ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കത്തിന് ഭീമഹർജിയുമായി രക്ഷിതാക്കൾ. ആവശ്യം പരിഗണിക്കുമെന്ന് രക്ഷിതാക്കൾക്ക് ചെയർമാൻ ഉറപ്പ് നൽകി.
ബർകയിലെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല ആവശ്യമായിരുന്നു ഒരു ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ. ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടഴ്സ് നടപടി ക്രമങ്ങൾ വളരെ മുമ്പേ ആരംഭിച്ചെങ്കിലും ബിൽഡിങ് ഏറ്റടുക്കലുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികൾ കാരണം സ്കൂൾ എന്ന സ്വപ്നം അനന്തമായി നീണ്ടുപോവുകയായിരുന്നു. നിലവിൽ മബേല, മുളന്താ, സീബ് സ്കൂളുകളെയാണ് കുട്ടികളുടെ പഠനത്തിനായി ബർക്കയിലെ രക്ഷിതാക്കൾ ആശ്രയിക്കുന്നത്. സമീപത്ത് ഒരു സ്കൂളുണ്ടായാൽ മക്കളെ ദൂരെയുള്ള സ്കൂളിലേക്ക് അയക്കുന്നതിന്റെയും നാട്ടിൽ വിട്ട് പഠിപ്പിക്കുന്നതിന്റെയും ദുരിതം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നൂറുകണക്കിന് രക്ഷിതാക്കൾ ഒപ്പിട്ട ഭീമ ഹർജി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാന് സമർപ്പിച്ചത്. ആവശ്യം ഗൗരവപരമായി പരിഗണിക്കുമെന്ന് ചെയർമാൻ ഡോ.ശിവകുമാർ മാണിക്യവും വൈസ് ചെയർമാൻ സൈദ് സൽമാനും വ്യക്തമാക്കി. രക്ഷിതാക്കളുടെ പ്രതിനിധികളായി വേണുഗോപാൽ, നവാസ്, ജഹാൻഗീർ തുടങ്ങിയവരാണ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്.
സ്കൂൾ കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥയിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി ചുമത്തിയ ഭീമമായ പിഴയാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നത്. 949,659.200 റിയാല്‍ അതായത് 20 കോടിയിലധികം ഇന്ത്യന്‍ രൂപ പിഴയടക്കാനാണ് അഞ്ച് മാസം മുമ്പ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി അടച്ച് തീർക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.
ഇതിൽ ആദ്യഘട്ട തുക ഇതിനകം അടച്ചതായാണ് അറിയാൻ കഴിയുന്നത്. ബര്‍കയിൽ സ്കൂള്‍ ആരംഭിക്കുന്നതിന് 2015ലാണ് സ്കൂള്‍ ബോര്‍ഡ് ഉടമയുമായി കരാര്‍ ഒപ്പിടുന്നത്. അല്‍ ജനീന പ്രദേശത്ത് സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതായിരുന്നു കരാറിൽ ഉൾപ്പെട്ടിരുന്നത്. ഇതനുസരിച്ച് നിർമാണ പ്രവൃത്തികളും മറ്റും പൂർത്തിയാക്കിയെങ്കിലും ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട നിയമ വ്യവഹാരത്തിനുശേഷമാണ് കോടതി വിധി വരുന്നത്. കേസ് ചെലവുകളും നല്‍കേണ്ടതുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബർക്കമേഖല ഒമാനിലെ തന്നെ ഏറ്റവും വളർച്ച കൈവരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. നിലവിൽ മൊബേല , മുലദ്ദ, സീബ് സ്കൂളുകളെയാണ് കുട്ടികളുടെ പഠനത്തിനായി ബർക്കയിലെ രക്ഷിതാക്കൾ ആശ്രയിക്കുന്നത്. ബർക്കയുടെ പരിസരത്ത് നഖൽ ഉൾപ്പെടെ പല ഉൾമേഖലകളിലും വലിയ തോതിൽ ഇന്ത്യൻ സമൂഹം പാർക്കുന്നുണ്ട്.
ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വന്നാൽ കുട്ടികളെ നാട്ടിൽനിന്നും ഇങ്ങോട്ട് കൊണ്ടുവരാൻ സാധിക്കുമെന്ന നിരവധി ഇന്ത്യക്കാരുടെ കൂടി സ്വപ്നമാണ് സാക്ഷാത്കരിക്കാതെ അനന്തമായി നീളുന്നത്. രക്ഷിതാക്കളുടെ ആവിശ്യം ഗൗരവപരമായി തന്നെ പരിഗണിക്കുന്നതായി ബി.ഒ.ഡി ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം, വൈസ് ചെയർമാൻ സൈദ് സൽമാൻ എന്നിവർ ഉറപ്പു നൽകി.