Kerala

154 ദിവസങ്ങൾക്ക് ശേഷമാണ് വയനാടിനെ അതിതീവ്ര ദുരന്തമായി അം​ഗീകരിച്ചത്, എന്താണിത്ര കാലതാമസം: മന്ത്രി കെ. രാജൻ

വയനാട് മുണ്ടക്കെെ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണിത്ര കാലതാമസം എടുത്തതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

154 ദിവസങ്ങൾക്ക് ശേഷമാണ് വയനാടിനെ അതിതീവ്ര ദുരന്തമായി അം​ഗീകരിച്ചതെന്നും വളരെ പെട്ടെന്ന് കേന്ദ്രത്തിന് തീരുമാനം എടുക്കാമായിരുന്ന വിഷയമായിരുന്നു എന്നും കെ രാജൻ പറഞ്ഞു. കോടതിയും ​ഗവൺമെൻ്റും നിരന്തരം ആവശ്യപ്പെട്ടപ്പോൾ എസഡിആർഎഫ് ഫണ്ടിൽ നിന്ന് പണം എടുക്കാൻ പറ്റുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പലരും അത് വിശ്വസിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തബാധിതരുടെ കടങ്ങൾ തള്ളി കളയുന്നതിനെ പറ്റി കേന്ദ്രം പരാമർശമൊന്നും നടത്തിയിട്ടില്ല. ദുരന്തമുഖം സന്ദർശിച്ച് മടങ്ങിയ ഐഎംസിടി ഒരു മാസത്തിനകം തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോ‌ർട്ട് രണ്ട് മാസകാലം ആഭ്യന്തര മന്ത്രാലയത്തിൻ്റെ കൈയിലിരുന്നു. അതിന് ശേഷം എച്ച് എൽ സി കൂടാനുള്ള മഹാനുഭാവത്വം കാട്ടി. ചർച്ച ചെയ്തു കഴിഞ്ഞാൽ തീരുമാനം എന്താണെന്ന് തങ്ങളെ അറിയിക്കണ്ടേയെന്നും തുടർച്ചയായി സന്ദേശം അയച്ചപ്പോഴാണ് അതി തീവ്ര പട്ടികയുടെ കാര്യം അറിയുന്നതെന്നും കെ രാജൻ പറഞ്ഞു. അഞ്ച് മാസമായി തുടർച്ചയായി ഉന്നയിച്ച ആവശ്യമാണ് അംഗീകരിച്ചതെന്നും വളരെ പെട്ടെന്ന് കേന്ദ്രത്തിന് തീരുമാനം എടുക്കാമായിരുന്ന വിഷയമായിരുന്നു വയനാടിന്‍റേതെന്നും കാലതാമസം ഉണ്ടാകുന്നതിൻ്റെ കാരണം വ്യക്തമല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.