കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഉമ തോമസ് കണ്ണു തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും മകൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശിച്ച ശേഷമായിരുന്നു വിഷ്ണുവിൻ്റെ പ്രതികരണം. ഇന്നലെ രാത്രിവരെ ആരോഗ്യനില മാറ്റമില്ലാതെ തുടർന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് എംഎൽഎ കണ്ണ് തുറന്നെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണമാണ് എംഎൽഎയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. ശ്വാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരിക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ചികത്സയിലുള്ള എംഎൽഎയുടെ ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടിയിരുന്നു. ബോധം വീണ്ടെടുക്കാനുള്ള ചികിത്സയാണ് ഇന്നലെ പ്രധാനമായും നടത്തിയത്. ഇത് ഫലം കണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്. ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമാ തോമസിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോയെന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്.
അതിനിടെ, കലൂർ സ്റ്റേഡിയത്തിലെ പരിപാടി നടത്തിപ്പിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജിൽ അധികമായി നിർമ്മിച്ച ഭാഗത്തിനു വേണ്ടത്ര ഉറപ്പ് ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം വൈകിപ്പിച്ചു. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച പതിനാല് അടിയോളം ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിൽ എത്തിയപ്പോൾ ആയിരുന്നു അപകടം.