സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാവില്ല തനിക്കെതിരായി വിമർശനം ആരോ പത്രക്കാർക്ക് പറഞ്ഞുകൊടുത്തതാണ്, അല്ലാതെ പാർട്ടി സമ്മേളനത്തിൽ അങ്ങനെ ചർച്ച ഉണ്ടായി കാണില്ല ജി സുധാകരൻ പറഞ്ഞു.
ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്? പാർട്ടി ക്ലാസുകളിൽ നിന്നും വായനയിൽ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താൻ സംസാരിക്കാറ്. മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല. അഴിമതിക്കും സുജനപക്ഷപാദത്തിനും എതിരെ താൻ സാമൂഹ്യ വിമർശനം നടത്തിക്കൊണ്ടേയിരിക്കുന്നു ഇനിയും നടത്തും. എന്നെ കല്യാണത്തിനും മരണത്തിനും വിളിക്കാതിരിക്കാൻ മനപൂർവ്വമായി ശ്രമിക്കുന്നവരുണ്ട്. താൻ ഒരിക്കലും വിശ്രമജീവിതം നയിക്കില്ല, 1480 പൊതുപരിപാടികളിലാണ് താൻ പങ്കെടുത്തിട്ടുള്ളത് ഇതിനുപുറമെ ജില്ലയ്ക്ക് പുറത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 17 പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. നാല് വർഷം കൊണ്ട് താൻ ആകെ പങ്കെടുത്ത പരിപാടികൾ 3652 ആണ്. പരിപാടികൾക്ക് പോകുന്ന ഒരു സ്ഥലത്ത് നിന്നും താൻ പണം വാങ്ങിക്കാറില്ല. കൈയിൽ നിന്ന് പണം മുടക്കിയാണ് പല പരിപാടികൾക്കും പോയിട്ടുള്ളത്. ചിലർ കാറിന് പെട്രോൾ അടിക്കാനുള്ള പണം നൽകും അത് വാങ്ങിക്കാറുണ്ട്, അതല്ലാതെ ആരോടും പണം ചോദിച്ചു വാങ്ങിക്കാറില്ല. ഭാര്യയുടെയും തന്റെയും പെൻഷൻ പണം കൊണ്ടാണ് ജീവിക്കുന്നത് അതല്ലാതെ ആരുടേയും പണം സ്വീകരിക്കാറില്ലെന്നും ജി സുധാകരൻ പറഞ്ഞു.
സ്ഥാനമാനങ്ങളിൽ മാറ്റം ഉണ്ടായാലും ഒരിക്കലും ഒരു പൊതുപ്രവർത്തകന് വിശ്രമമില്ല. സ്വാഭിപ്രായങ്ങൾ പരസ്യമായി പറയണമെന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്തിൽ മാർക്സ് എഴുതിവെച്ചുട്ടുള്ളത്. അത് ചിലപ്പോൾ അവർ വായിച്ചു കാണില്ല. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല കാരണം ഇതൊക്കെ വായിക്കാത്തവർ പറഞ്ഞു പഠിപ്പിക്കുന്നതാണ്, അപ്പോൾ കുറ്റപ്പെടുത്തലിന് അവിടെ സ്ഥാനമില്ല. തന്റെ ശബ്ദം ഉയരുന്നതിലൂടെ പാർട്ടിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ,ഒരു ദോഷവും ആർക്കും ഇതുവരെ ഉണ്ടായിട്ടില്ല. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും. പത്തനംതിട്ടയിൽ നിന്നെറിഞ്ഞ കല്ല് ഇങ്ങോട് വരില്ല എറിഞ്ഞ കല്ല് അവിടെ തന്നെ കിടക്കുന്നുണ്ട് ജി സുധാകരൻ കൂട്ടിച്ചേർത്തു.