കൈകൊണ്ട് പരത്തി മൺചട്ടിയിൽ ഇട്ട് ചുട്ടെടുക്കുന്ന കൈപ്പത്തിരി, കപ്പയും പയറും വാഴക്കയും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന പുഴുക്ക്, അരിങ്ങോട് എന്ന് പേരുള്ള പ്രത്യേകതരം ചിക്കൻ കറി സാധാരണ ഒരു ഹോട്ടലിലും ഈ വിഭവങ്ങൾ കിട്ടാറില്ല. എന്നാൽ ഇന്നും ഈ വിഭവങ്ങൾ കിട്ടുന്ന ഒരു കട കോഴിക്കോട് ഉണ്ട്. കോഴിക്കോട് ടൗണിൽ നിന്ന് കുറച്ചകലെ കാരന്തൂർ എന്ന സ്ഥലത്തെ ചന്ദ്രേട്ടൻ്റെ തട്ടുകട.
തനി നാടൻ വിഭവങ്ങൾക്ക് പുറമെ മീൻ പൊരിച്ചത്, മീൻ കറി, പുട്ട് എന്നിവയെല്ലാം ഇവിടെ കിട്ടും. ഇവിടത്തെ രുചി വ്യത്യസ്തമായത് കൊണ്ട് തന്നെയാണ് ദൂരെ നിന്നെല്ലാം ചന്ദ്രേട്ടൻ്റെ കടയിലേക്ക് ആളുകൾ എത്തുന്നത്.
നല്ല ചൂടോടെ തന്നെയാണ് ഭക്ഷണങ്ങൾ വിളമ്പുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ്. ഏകദേശം 21 വർഷമായി ഈ ചായക്കട തുടങ്ങിയിട്ട്. രാവിലെ ഏഴര മുതൽ ആളുകൾ ഭക്ഷണം കഴിക്കാൻ എത്തും. ഒരു മണി വരെ രാവിലത്തെ ഭക്ഷണം തുടരും, അതിന് ശേഷം ഊണ് തുടങ്ങും. ഞായറാഴ്ച അവധിയാണ്.
വാഴയിലയിൽ ആണ് പത്തിരി പരത്തുന്നത്, ശേഷം മൺചട്ടിയിൽ ചുട്ടെടുക്കും. കട തുടങ്ങിയിരുന്ന സമയത്ത് പത്തിരി മാത്രം ആയിരുന്നു. പിന്നീടാണ് ഇത്രയും വിഭവങ്ങൾ തയ്യാറാക്കാൻ തുടങ്ങിയത്. വൈകീട്ട് നാലുമണി വരെയാണ് കട പ്രവർത്തിക്കുന്നത്.
കോഴിക്കോട് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്. മിതമായ നിരക്കിൽ ഏറ്റവും മികച്ച ഫിഷ് ഫ്രൈകളിൽ ഒന്നാണ് ഇവിടെ തയ്യാറാക്കുന്നത്. വീട്ടിലുണ്ടാക്കിയ മസാലകളും വെർജിൻ വെളിച്ചെണ്ണയുമാണ് മീൻ വറുക്കാൻ ഉപയോഗിക്കുന്നത്. ഷോപ്പ് ഒരു പഴയ കുടിൽ പോലെയാണ്, അതിന് ഒരു പ്രത്യേക ആകർഷണമുണ്ട്.
വിലാസം: തുറയിൽ കടവ്, കോണോട്ട് റോഡ്, കോണോട്ട്, കാരന്തൂർ, കുന്നമംഗലം, കേരളം 673571, ഇന്ത്യ
ഫോൺ: +919995097009