കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഎം നേതാക്കൾ. ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെത്തിയത്.
ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീജിത്ത്.
2008ലാണ് നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 5 സിപിഎം പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിൽ ജയിലിൽ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുത്തത്. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.