യുഎഇയിൽ നാലു മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാർക്ക് രാജ്യം വിടാനായിട്ടാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ദുബായിൽ മാത്രം 2,36,000 പേർ പൊതുമാപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തി. പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഇനി മുതൽ ഊർജിതമാക്കും. ജനുവരി ഒന്നു മുതൽ രാജ്യവ്യാപകമായി റെയ്ക്ക് നടത്തുമെന്നും നിയമ ലംഘകർക്ക് കടുത്ത ശിക്ഷ നൽകുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് ഇതിനകം തന്നെ അറിയിച്ചു.
വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികൾക്ക് താമസ രേഖകൾ തരപ്പെടുത്താനും രാജ്യം വിടാനും നാലുമാസത്തെ സമയമാണ് പൊതുമാപ്പിലൂടെ ലഭിച്ചത്. സെപ്തംബർ – ഒക്ടോബർ മാസങ്ങളിലേക്കായിരുന്നു ആദ്യം പൊതുമാപ്പ്. പിന്നീട് രണ്ടുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. രണ്ടര ലക്ഷത്തോളം പേരാണ് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 55,200 പേർക്ക് എക്സിറ്റ് പെർമിറ്റ് നൽകി. 41,000 പേർ ഇതിനകം രാജ്യം വിട്ടു. 1.8 ലക്ഷത്തിലേറെ പേർ രേഖകൾ ശരിയാക്കി രാജ്യത്തു തന്നെ തുടരും. പൊതുമാപ്പ് കാലാവധിക്കു ശേഷം പിടിയിലാകുന്നവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. ഇവർക്ക് യുഎഇയിലേക്കു തിരിച്ചു വരാനുമാകില്ലെന്നും അധികൃതർ അറിയിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും സ്വന്തം രാജ്യത്തേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ തിരിച്ചു വരാനും ഇത്തവണ അവസരം നൽകിയിരുന്നു. മാത്രമല്ല, പൊതുമാപ്പ് സേവന കേന്ദങ്ങളിൽതന്നെ പുതിയജോലി കണ്ടെത്തുന്നതിനും സൗകര്യങ്ങളുണ്ടായിരുന്നു. രാജ്യവ്യാപകമായി ലക്ഷ കണക്കിന് ആളുകൾ പൊതുമാപ്പ് സേവനം പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്. ദുബായിൽ മാത്രം 2,36,000 പേർ സേവനം പ്രയോജപ്പെടുത്തിയതായി ജിഡിആർഎഫ്എ മേധാവി മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കിയിരുന്നു. ഇതിൽ 55,200 പേർക്കമാത്രമാണ് എക്സിറ്റ് പാസ് നൽകേണ്ടി വന്നത്. പൊതുമാപ്പ് സേവനം പ്രയോജനപ്പെടുത്തിയതിൽ 80 ശതമാനം ആളുകളും രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാനാണ് താൽപര്യം പ്രകടിപ്പിച്ചത്. പൊതുമാപ്പ് തീരുന്നതോടെ എല്ലാ എമിറേറ്റിലും പരിശോധന ശക്തമാക്കാനാണ് താമസ- കുടിയേറ്റകാര്യ വകുപ്പിന്റെ തീരുമാനം.