ഹിന്ദു വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുവിനെയും മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസംഗം ശിവഗിരിയുടെ പുണ്യഭൂമിയെയും സനാതന വിശ്വാസികളെയും അവഹേളിക്കാൻ ഉള്ളതാക്കി മാറ്റിയെന്നും, സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാക്കുകളുടെ തുടർച്ചയാണ് പിണറായി വിജയന്റെ വാക്കുകൾ എന്നുമാണ് വി.മുരളീധരന്റെ വിമർശനം. മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും വി.മുരളീധരൻ ചോദിച്ചു.
‘മുഖ്യമന്ത്രി മുഴുവൻ ഹിന്ദു സമൂഹത്തേയും അവഹേളിച്ചു. പിണറായി വിജയന്റെ ഭരണത്തിൽ ഹിന്ദു ആചാരങ്ങളേയും വിശ്വാസധാരയേയും ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങൾ നടന്നു. മുഖ്യമന്ത്രി ശിവഗിരിയിലെ വേദി സനാതന ധർമ്മികളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. കമ്മ്യൂണിസ്റ്റ് പ്രചാരവേല ആക്കി മാറ്റുവാനുള്ള വേദിയാക്കി മാറ്റി. ഇവിടെ അദ്ദേഹം ശ്രീനാരായണ ഗുരുദേവനെയും ഹിന്ദു സമൂഹത്തെയും അവഹേളിക്കാൻ ശ്രമിച്ചു. സനാതന ധർമ്മം ഒരു മതമല്ല എന്ന് പിണറായി മനസ്സിലാക്കണം. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം പഠിച്ചിട്ട് ഗുരുദേവനെ വിലയിരുത്താൻ ഇറങ്ങിയാൽ ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയും.’ എന്നിങ്ങനെയാണ് വി.മുരളീധരന്റെ വാക്കുകൾ.
സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ശ്രീനാരയണ ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വേലിക്കുള്ളില്‍ നിര്‍ത്തുന്നത് നിന്ദയാണെന്നും സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ഗുരുവെന്നും ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വാക്കുകൾക്ക് എതിരെയാണ് വി.മുരളീധരന്റെ വിമർശനം.