ഇടുക്കി കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നതായി പറഞ്ഞിട്ടില്ലെന്ന് എം എം മണി എംഎൽഎ. എന്തെങ്കിലും പ്രശ്‌നങ്ങൾ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചത്. വി.ആർ സജിക്ക് തെറ്റുപറ്റിയെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എം എം മണി കൂട്ടിച്ചേർത്തു.
കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കവേ ആയിരുന്നു എം.എം മണിയുടെ അധിക്ഷേപ പരമാർശം. റൂറല്‍ ഡിവലപ്മെന്റ് സൊസൈറ്റിയുടെ മുന്നിലുണ്ടായ സാബുവിന്റെ ആത്മഹത്യ തങ്ങളുടെ തലയില്‍ വെക്കേണ്ട. സാബു പണം ചോദിച്ചുവന്നപ്പോള്‍ ബാങ്കില്‍ പണം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തില്‍ പാർട്ടിക്ക് അതിയായ ദുഃഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരു പ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി.ആര്‍.സജിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സാബുവിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്‌ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പാപഭാരം എൽഡിഎഫിന്റെ തലയിൽ കെട്ടിവെക്കേണ്ട. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു.