ഉത്ര വധക്കേസിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി പരോളിന് ശ്രമിച്ചെന്ന കേസിൽ പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്.
സംശയം തോന്നിയ ജയിൽ അധികൃതർ സർട്ടിഫിക്കറ്റ് നൽകിയഡോക്ടറോട് കാര്യങ്ങൾ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.
രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പൊലീസിൽ പരാതി നൽകുകയായിരുന്നു. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവരെയും കണ്ടെത്തും. പരോൾ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നൽകുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.