സനാതന ധര്‍മ്മത്തിന്റെ മറവില്‍ ചാതുര്‍വര്‍ണ്യത്തെ മഹത്വവല്‍ക്കരിക്കാന്‍ ഉള്ള ബിജെപി നീക്കം സത്യധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ‘യെന്ന് ഉല്‍ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചെലവില്‍ മതവൈരം വളര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തെ യഥാര്‍ത്ഥ ശ്രീനാരായണീയര്‍ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ വാദിക്കാനും ജയിക്കാനും അല്ലാതെ അറിയാനും അറിയിക്കാനും,’വേണ്ടി 1924ല്‍ സര്‍വ്വമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചു നില്‍ക്കുന്ന വര്‍ക്കല ശിവഗിരി അര്‍ത്ഥവത്തായ സംവാദങ്ങളുടെ വേദിയാണ്.
അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അര്‍ത്ഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടത്. ശ്രീനാരായണ ഗുരുവിന്റെ തലയില്‍ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുര്‍വര്‍ണ്യത്തിന്റെ തലപ്പാവ് അണിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം. ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ച ആശയ സമരത്തിന്റെ സന്ദേശം മനസ്സിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടത്. 1916 ലെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തില്‍ ശ്രീനാരായണഗുരു ‘നമ്മുടെ സത്യം’ അറിയാത്തവരെ പറ്റി പറയുന്നുണ്ട്. അവരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരേണ്ട ഒന്നല്ല ശ്രീനാരായണ ദര്‍ശനം എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ശിവഗിരി തീര്‍ത്ഥാടനത്തെ കാണുന്നത്.
ഗുരു ഉപദേശിച്ച പഞ്ചധര്‍മ്മങ്ങള്‍ ശരീരം, ആഹാരം, മനസ്സ് ,വാക്ക്, പ്രവര്‍ത്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യന്റെ ശ്രേയസ്സാണ്. ഇതിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട് സാമൂഹ്യനന്മക്കും മനുഷ്യപുരോഗതിക്കും വേണ്ടി മുന്നോട്ടുപോവുകയാണ് വര്‍ത്തമാനകാലത്തെ ശ്രീനാരായണീയ ധര്‍മ്മം. മനുഷ്യന്റെ ഭൗതിക പുരോഗതിക്കും ആത്മീയോന്നതിയ്ക്കും ഒരേപോലെ ഉന്നതമായ സ്ഥാനം ഗുരു കല്പിച്ചിരുന്നു. ഗുരുവിന്റെ പാതയില്‍ ശ്രീനാരായണീയരുമായി കൈകോര്‍ത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
CONTENT HIGH LIGHTS; BJP’s move to glorify Chaturvarna under the guise of Sanatana Dharma: Incongruous with Satyadharma