കലൂർ ജവഹർ ലാൽ നെഹ്രു സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെയുണ്ടായ അപകടത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്.
ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. സംഘാടകര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ അപകടത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.