പല ദിവസങ്ങളിലും പലരുടെയും അടുക്കള ഭരിക്കുന്നത് കപ്പയായിരിക്കും. ഒപ്പം കോമ്പോ ആയി മീൻകറിയും പോത്തിറച്ചിയും മീൻ പൊരിച്ചതും ഒക്കെ ഉണ്ടാകും. ഇതൊക്കെ കൂട്ടി ഒരു പിടിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ ആരുമില്ല. പുറംനാട്ടിൽ കഴിയുന്നവർ പോലും കേരളത്തിലെത്തിയാൽ കഴിക്കാൻ ആഗ്രഹിക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും കപ്പ. പോഷകങ്ങളാൽ സമ്പന്നമായ കപ്പ പതിവായി കഴിക്കുന്നത് നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകും. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾ കപ്പ കഴിക്കുന്നത് നല്ലതാണോ ?
പലരും കപ്പ കഴിക്കുന്നത് നല്ലതല്ല എന്നു കരുതി, ഒട്ടും കഴിക്കാതെ ഒഴിവാക്കുന്നവരുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല, അല്ലാത്തവരും കപ്പ ശരീരത്തിന് നല്ലതല്ലെന്ന് കരുതി ഒഴിവാക്കുന്നവരാണ്. എന്നാല്‍, കപ്പയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബ്‌സ്, വിറ്റമിന്‍ സി, കോപ്പര്‍, തിയാമൈന്‍, ഫോലേറ്റ്, വിറ്റമിന്‍ ബി6, പൊട്ടാസ്യം, മാഗ്നീഷ്യം, നിയാസിന്‍ എന്നിവയാല്‍ സമ്പന്നമാണ് കപ്പ.
സാധാരണഗതിയില്‍ പലരും ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന ധാന്യമാണ് ഗോതമ്പ്. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍. ഇതേ ഗോതമ്പില്‍ ഗ്ലൂട്ടന്‍ അടങ്ങിയിരിക്കുന്നതിനാല്‍, അലര്‍ജി പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ ഗോതമ്പ് കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും അമിതമാണ്.
എന്നാല്‍, ഗ്ലൂട്ടന്‍ ഫ്രീ ആയിട്ടുള്ള ഒരു കിഴങ്ങാണ് കപ്പ. കപ്പ പൊടി ഉപയോഗിച്ച്, പുട്ട്, അല്ലെങ്കില്‍ മറ്റു വിഭവങ്ങള്‍ തയ്യാറാക്കി കഴിക്കുന്നത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് നല്ലതാണ്. ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും, ശരീരത്തിന് ആവശ്യമായ കൊഴുപ്പ് നല്‍കാനും, ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തിക്കാനും കപ്പ സഹായിക്കുന്നുണ്ട്. ഗ്ലൂട്ടന്‍ ഫ്രീ ആയതിനാല്‍ തന്നെ ദഹന പ്രശ്‌നങ്ങളും കുറയ്ക്കുന്നു.
അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍, അമിതവണ്ണത്തിന് കാരണമാണ് എന്ന ചിന്ത പലരിലും ഉണ്ട്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കപ്പ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍, ശരിയായ രീതിയില്‍ കഴിച്ചാല്‍ വണ്ണം വെയ്ക്കുമെന്ന ഭയം വേണ്ടേ വേണ്ട!
കപ്പ പൊടി ഉപയോഗിച്ച്, പച്ചക്കറികളും ചേര്‍ത്ത് പാന്‍ കേക്ക് തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. അതുപോലെ, മിതമായ രീതിയില്‍ സാലഡുകള്‍ക്കൊപ്പം കപ്പ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കപ്പയും കോഴിക്കറിയും മിതമായ രീതിയില്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ കപ്പയുടെ കൂടെ ചേര്‍ത്ത് കഴിക്കാവുന്നതാണ്. നിങ്ങള്‍ ഒരു ദിവസം കഴിക്കാനെടുക്കുന്ന കാര്‍ബ്‌സിന്റെ അളവും കപ്പയിലെ കാര്‍ബ്‌സിന്റെ അളവും ചേര്‍ത്ത് വെച്ച് ബാലന്‍സ് ചെയ്ത് കഴിച്ചാല്‍ ശരീരം ഭാരം കൂടുകയില്ല. വിശപ്പകറ്റാന്‍ സഹായിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ മിതമായ രീതിയില്‍ മാത്രം കപ്പ കഴിക്കുക. കപ്പ വേവിക്കുമ്പോള്‍ ആദ്യം ചൂടുവെള്ളത്തില്‍ ഒന്ന് തിളപ്പിച്ച ശേഷം ആ വെള്ളം കളഞ്ഞ്, പുതിയ വെള്ളത്തില്‍ വേവിച്ചെടുക്കുക. ഇത് കപ്പയിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കപ്പയില്‍ സ്റ്റാര്‍ച്ച് അമിതമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാണ്. ശരിയായ വിധത്തില്‍ പ്രോട്ടീനും, നാരുകളും, മറ്റു പോഷകങ്ങളും അടങ്ങുന്ന മറ്റു ആഹാരങ്ങളുടെ കൂടെ ചെറിയ രീതിയില്‍ കപ്പ കഴിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ കഴിച്ചാല്‍ അമിതവണ്ണം ഒഴിവാക്കാന്‍ സഹായിക്കും. വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
CONTENT HIGHLIGHT: is tapioca a weight loss superfood