കലൂരിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകട കേസിൽ മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. മൃദംഗവിഷൻ, ഓസ്കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്തെന്ന ബിഎൻഎസ് 110 വകുപ്പുകൾ ആണ് ചേർത്തത്. ഇതിന് പിന്നാലെ സംഘാടകർ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. പരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായാണ് പൊലീസ്, ഫയർ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപ്പോർട്ട്. സ്റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.