Automobile

ബജാജ് പള്‍സര്‍ സീരീസില്‍ പുതിയ മോഡല്‍; സസ്പെൻസ് നിറച്ച ടീസർ പുറത്തുവിട്ട് കമ്പനി | new model in bajaj pulsar series

RS ബ്രാന്റിലുള്ള പുതിയ മോഡലാണിതെന്നാണ് കരുതുന്നത്

ബജാജിന്റെ പള്‍സര്‍ സീരീസിലേക്ക് പുതിയ മോഡൽ എത്തുന്നു. വാഹനത്തിന്റെ ടീസർ കമ്പനി സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടു. ഡിസൈനും മോഡലും സംബന്ധിച്ച യാതൊരു സൂചനയും ഇതിലില്ല. എന്നാലും രാജകീയ വരവാകുമെന്നതിൽ ആർക്കും സംശയമില്ല.

എക്സ്ഹോസ്റ്റിന്റെ ​ഗംഭീര ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്. RS ബ്രാന്റിലുള്ള പുതിയ മോഡലാണിതെന്നാണ് കരുതുന്നത്. പള്‍സര്‍ RS 200-ന്റെ അപ്ഡേറ്റഡ് വേർഷൻ അല്ലെങ്കിൽ പുതിയ പള്‍സര്‍ RS 400 മോഡലുകളാകാനാണ് സാധ്യത.

RS 200-ന്റെ അപ്ഡേറ്റഡ് മോഡലാണ് വരാനിരിക്കുന്നതെങ്കിൽ ആധുനികമായ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തും. പൂർണമായ ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്ടിവിറ്റിയും ടേൺ ബൈ ടേൺ നാവി​ഗേഷൻ സംവിധാനങ്ങളും നൽകിയേക്കാം.

24.16 ബിഎച്ച്പി പവറും 18.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 199.5 സി.സി. എന്‍ജിൻ അതേപടി തുടരാനാണ് സാധ്യത. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണുള്ളത്. എന്നാൽ അപ്ഡേറ്റഡ് മോഡലിൽ മുന്നില്‍ യു.എസ്.ഡി ഫോര്‍ക്ക് കമ്പനി നൽകിയേക്കാം.

വരാനിരിക്കുന്നത് RS 400 ആണെങ്കിൽ NS 400Z-ന്റെ അതേ പ്ലാറ്റ്ഫോമിലായിരിക്കാം ഒരുങ്ങുക. സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ എന്നിവ കൂട്ടിച്ചേർത്തേക്കാം. 2024-ലാണ് നേക്കഡ് ബൈക്കുകളുടെ ശ്രേണിയിലേക്ക് NS 400Z-നെ കമ്പനി അവതരിപ്പിച്ചത്.

373 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ മോഡലിൽ ഉള്ളത്. ഇത് 39.45 ബി.എച്ച്.പി. പവറും 35 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതേ എൻജിൻ തന്നെയാകും RS 400-നും കരുത്തേകുക എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ച് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് NS 400-ൽ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 154 കിലോമീറ്ററാണ് പരമാവധി വേഗത.

CONTENT HIGHLIGHT: new model in bajaj pulsar series