കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചചെയ്യുന്ന ഒന്നാണ് കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം. 12,000 നർത്തകരെ അണിനിരത്തി ഭരതനാട്യ പ്രകടനം ലക്ഷ്യം വെച്ചത് ഗിന്നസ് റെക്കോർഡ് ആയിരുന്നു. നടി ദിവ്യ ഉണ്ണി നേതൃത്വം നൽകിയ പരിപാടി കാണാൻ എത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിനാണ് വേദിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേൽക്കുന്നത്. ഏകദേശം 18 അടിയോളം ഉയരത്തിൽ നിന്നായിരുന്നു എംഎൽഎ താഴേക്ക് വീണത്. ഇതിന് ശേഷം പരിപാടിക്കെതിരെ നിരവധി വിവാദങ്ങളും പുറത്തുവന്നിരുന്നു.
പരിപാടിയിൽ പങ്കെടുത്തവരും കുട്ടികളുടെ രക്ഷിതാക്കളുമുൾപ്പടെ പലരും സംഘാടകർ പണം വാങ്ങി കബളിപ്പിച്ചുവെന്ന ആരോപണവുമായി വന്നു. സംഭവത്തെ കുറിച്ച് ആശാ റാണി എഴുതിയ ഒരു പോസ്റ്റ് മാധ്യമ പ്രവർത്തകൻ കെ എ ഷാജി പങ്കുവച്ചത് ശ്രദ്ധ നേടുന്നുണ്ട്. അത്രയും കലാകാരികളെയും കലാകാരന്മാരെയും അപമാനിക്കുക കൂടിയാണ് ‘മൃദംഗനാദം’ ചെയ്തത് എന്നാണ് കുറിപ്പിൽ പറയുന്നത്. ഇതിൽ പങ്കെടുക്കാൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി പല ഭാഗത്തുമുള്ള മലയാളി ഡാൻസുകാർ ഇവിടെ എത്തിയിരുന്നു. എന്നാൽ ഇവരെ എല്ലാവരെയും പറ്റിക്കുന്ന രീതിയാണ് ഇവിടെ നടന്നത് എന്ന് കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം
കുറച്ച് നാൾമുമ്പ് ദിവ്യ ഉണ്ണി എന്ന വെറ്ററൻ ഹിന്ദുക്ളാസിക്കൽ ഡാൻസർ കം പഴയകാല മലയാള സിനിമ നടിയുടെ ഇന്റർവ്യൂകൾ ധാരാളമായി ഓൺലെെൻ മീഡിയകളിൽ വന്നിരുന്നു. അവതാരകർ നടിയുടെ പാൽക്കുപ്പി പ്രായം മുതലുളള കാര്യങ്ങൾ ചോദിച്ച് വെറുപ്പിക്കുന്നു എങ്കിലും ഗിന്നസ് റെക്കോഡ് ലക്ഷ്യം വച്ച് പന്ത്രണ്ടായിരം ആളുകളെ അണിനിരത്തുന്ന ‘മൃദംഗനാദം’ എന്ന മെഗാഈവന്റിന്റെ പ്രോമോഷനാണ് ലക്ഷ്യം.
കുറെക്കാലം മുമ്പ് ഒരു മലയാള നടനെ വച്ച് ഭക്തി-ആരാധന-പാടിപുകഴ്ത്തൽ മോഡിൽ ഒരു ഇന്റർവ്യൂ കം സിനിമ പ്രോമോഷൻ നടന്നില്ലെ?? ഒരേകോസ്റ്റ്യൂം ഇട്ട് വിവിധ അവതാരകരുടെ അടുത്ത്, ഏതാണ്ട് അതുപോലെയാണ് ഈ ഇന്റർവ്യൂകളുടെ സംവിധാനവും ഒരേ PR ടീം ആണന്ന് തോന്നുന്നു. ഒരേപോലുളള കോസ്റ്റ്യൂം ആക്സസറീസും ഒക്കെ ഇട്ട് വിവിധ ആളുകൾ എടുത്ത ഒരേ പാറ്റേണിലുളള ഇന്റർവ്യൂകൾ. അതിൽ അവരെ വളരെ rich and elegant ആയാണ് പ്രസന്റ് ചെയ്യുന്നത്, അത് കേട്ടാൽ കാശിനൊന്നും യാതൊരു ആവശ്യവും ഇല്ലാത്ത ഡാന്സ് തപസ്യയാക്കിയ ഒരു കുലീനനർത്തകി എന്നതാണ് ഇമേജ്..
‘മൃദംഗനാദം’ എന്ന പരിപാടി കഴിഞ്ഞപ്പോഴാണ് എത്രമാത്രം ഹോം വർക്ക് ചെയ്ത് അവരെ മുൻ നിർത്തി മലയാളിലേക്ക് തറച്ച് കയറ്റിയ ഒരു PR വർക്കായിരുന്നു ആ പരിപാടിയുടേത് എന്നറിയുന്നത്.
ഇനി മൃദമഗനാദത്തിലേക്ക് വരാം.
അത് അങ്ങനെ കയറി ആർക്കും ചെയ്യാവുന്ന ഒരു ഡാന്സ് അല്ല. അതായത് ഉത്തമാ അയൽക്കൂട്ടം ചേച്ചിമാരുടെ മെഗതിരുവാതിരകളി പോലെ ഒന്നല്ല. മിസ്സ് ഉണ്ണി യുടെ തന്നെ വാക്കുകൾ കടം എടുത്താൽ ഈ പരിപാടിക്ക് ഒരു ഗുരു വഴി മാത്രമെ നിങ്ങൾക്ക് രജിസ്ട്രേഷൻ എടുക്കാൻ സാധിക്കൂ, ഗുരു മുഖത്ത് നിന്ന് നേരിട്ട് അഭ്യസിക്കുക എന്ന നമ്മുടെ ട്രെഡീഷനെയാണ് ഞങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നത് (ഗുരുവോ, യെന്താടോ ഇത്, മെെ ലഘുവെ , ഡാന്സ് ടീച്ചർ എന്ന് പറഞ്ഞാൽ പോരെ, മുട്ടിന് മുട്ടിന് ഇംഗ്ലീഷ് പറയുന്ന ഒരാളാണ് എന്നിട്ടാണ്) അപ്പോൾ പ്രവേശനം ഹിന്ദു ക്ലാസിക്കൽ ഡാന്സ് പഠിപ്പിച്ച് വഴക്കവും തഴക്കവും ഉളള ടീച്ചറമ്മാരുടെ പിള്ളേർക്കാണ്.
ഇനി ആ മെഗാ ഈവന്റിനെ പറ്റി, തല ഒന്നുക്ക് മൂവായിരത്തി അഞ്ഞൂറ് റുപ്പിക ഇന്ത്യൻ മണിയാണ് രജിസ്ട്രേഷൻ ഫീസ്. കൂടാതെ അതിന്റെ സാരി മിസ്സ് ഉണ്ണിയും ടീമും വിൽക്കുന്നത് 1600 ക ക്ക്, ഇത് വെട്ടി തയ്ച്ച് പാവാടയും സാരിയും ഞൊറിയും ഒക്കെയുളള ഭരതനാട്യം കോസ്റ്റ്യും ആക്കാൻ ഏതാണ്ട് 2000 ന് അടുത്ത് തയ്യൽ കൂലി , അധികം , നെറ്റിചുട്ടി, മറ്റ് ആക്സസറീസ് ഇവയെല്ലാം കൂടി ഇന്നതാകും. അതായത് ഇത് വെറും ദരിദ്രവാസികളിയല്ല റിച്ച് പീപ്പിൾസ് ഓൺലി.
ഇനി ഡിസംബർ ഇരുപത്തി ഒൻപതാം തീയതി സംഘാടകരുടെ സുരക്ഷാ പാളിച്ചമൂലം ഉമാതോമസ്സ് MLA വീണ് പരിക്കേറ്റ ദിവസത്തെ പെർഫോമന്സ്.
ഫ്ളാറ്റിൽ ഭീഷണിയുണ്ടെന്ന് അനൗൺസ്മെന്റ് കേൾക്കുമ്പോൾ മിക്സിയും ഫാനും ഒക്കെ പെറുക്കി ഓടാൻ പോകുന്ന ബിന്ദുപണിക്കരുടെ കഥാപാത്രം ഓർമ്മയില്ലെ?? ആ ഭാവത്തിൽ മിസ്സ് ഉണ്ണി, എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന മട്ടിൽ മറ്റ് നർത്തകരിൽ നിന്ന് കിലോമീറ്റർ മാറി ഒറ്റക്ക് നിന്ന് നടനം. ക്യാമറകൾ ചുറ്റിലും. ബാക്കി നർത്തകർ ഷോപ്പിങ്ങ് മാളിന്റെയൊക്കെ ഉദ്ഘാടന ദിവസം ഓഫർപ്രെെസിൽ പർച്ചേസ് ചെയ്യാൻ ഓടിയടുക്കുന്ന പുരുഷാരം ആർത്തിരമ്പും പോലെ മിസ്സ് ഉണ്ണിയിൽ നിന്ന് തീണ്ടാപ്പാട് അകലെ. നൃത്താവതരണത്തിന് വേണ്ടതായ യാതൊരു സൗന്ദര്യമോ , പുതുമയോ അറേഞ്ച്മെന്റ്സോ ഒന്നും ഇല്ലാതെ പ്രത്യേകിച്ചൊരു പാറ്റേണുമില്ലാതെ നിരന്ന് നിൽക്കുന്ന ആയിരക്കണക്കിന് നൃത്തക്കാർ. മനോഹരമായ യാതൊരു ചലനങ്ങളോ ക്രോസ്മൂവ്മെന്റുകളോ ഒന്നും ഇല്ലാതെ നിന്നിടത്ത് നിന്ന് തക്കിട തരികിടോ യാതൊരു synchronization ഇല്ലാതെ നടത്തുന്നു. നൃത്തത്തിന്റെ ഭംഗിയോ ആൾക്കൂട്ടത്തിന്റെ rhythmic മൂവ്മെന്റുകളുടെ ഭംഗിയോ പോലും ഇല്ലാത്ത ഒന്നാണോ ഈ ഇന്ത്യൻ ഹിന്ദു നൃത്തം എന്ന് തോന്നും വിധം.
അതായത് വീണ്ടും ഉത്തമാ, മിസ്സ് ഉണ്ണിക്ക് , എന്റെ തല എന്റെ ഫുൾ ഫിഗർ കാട്ടി റെക്കോഡ് ഇടാൻ 11600 മലയളികൾ 3500 ഉറുപ്പിക പ്ലസ് ഉണ്ണീടെ സാരി 1600 രൂഭ വീശി എറിഞ്ഞത്രെ. പകരം പങ്കെടുത്തവർക്കെല്ലാം ‘അപൂർവ്വ അവസരം’ എന്ന മനപായസം കുടിച്ച തൃപ്തി. കുട്ടികൾക്ക് വരെ അരപാക്കറ്റ് ബിസ്കറ്റ് ആണത്രെ സംഘാടകർ ആ ദിവസം ഭക്ഷണമായി പോലും നൽകിയത്. ഇതിൽ പങ്കെടുക്കാൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി ഇന്ത്യയുടെ പലഭാഗത്തുളള മലയാളി ഡാന്സ് ആശാട്ടിമാരും ആശാന്മാരും അവരുടെ കുട്ടികളും എത്തിയത്രെ. മലയാളി ഡാ.. ഹിന്ദു ക്ലാസിക്കൽ നൃത്തത്തിന്റെ ഭാവി മലയാളിയിലൂടെ..
ഇതിലും നല്ലത് മൃദംഗനാദത്തിന്റെ സംഘാടകർ ആ ഫോണെടുത്ത് നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണന്ന് പറഞ്ഞ് നർത്തകരെ പറ്റിക്കലായിരുന്നു നല്ലത്. ഏറ്റവും കൂടുതൽ നർത്തകരെ പറ്റിച്ച റെക്കോഡിന് ആയിരുന്നെങ്കിൽ. പറ്റിക്കുക മാത്രമോ അത്രയും കലാകാരികളേയും കലാകാരന്മാരേയും അപമാനിക്കുക കൂടിയല്ലെ ചെയ്തത്.
പഴയ ആട് , മാഞ്ചിയം,ഇരുതലമൂരി, നാഗ മാണിക്യം തുടങ്ങിയവയുടെ ലിസ്റ്റിലേക്ക് ‘മൃദംഗനാദം’ കൂടി.
CONTENT HIGHLIGHT: fb post about divya unni show