എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് കേരള സാംസ്‌കാരിക വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നമുക്ക് എം.ടി ആരായിരുന്നു എന്ന് ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും എം.ടിയുമായി സഹകരിച്ച ഒരുപാട് നിമിഷങ്ങള്‍ ഓര്‍മച്ചിത്രങ്ങളായി മനസ്സില്‍ തെളിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മുഖ്യമന്ത്രിയായി ഇരിക്കേതന്നെ എം.ടിയെ പലവട്ടം കണ്ടിട്ടുണ്ട്. വ്യക്തിപരമായി ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുള്ളതൊക്കെ മലയാളഭാഷയെക്കുറിച്ചും തുഞ്ചന്‍ പറമ്പിനെക്കുറിച്ചും കോഴിക്കോട്ട് വരേണ്ടതായിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുമായിരുന്നു മലയാളഭാഷയോട് എന്തൊരു സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. പുതുതലമുറകള്‍ക്ക് നല്ല മലയാളം നഷ്ടമാവുന്നതിനെക്കുറിച്ച് എന്തൊരു. പുതുതലമുറകള്‍ക്ക് നല്ല മലയാളം നഷ്ടമാവുന്നതിനെക്കുറിച്ച് എന്തൊരു ഉത്കണ്ഠയായിരുന്നു. തുഞ്ചന്‍ പറമ്പാവട്ടെ അദ്ദേഹത്തിന് സ്വന്തം ഹൃദയം തന്നെയായിരുന്നു. ഇതേക്കുറിച്ചൊക്കെ പറഞ്ഞുകഴിഞ്ഞിട്ടുവേണ്ടേ മറ്റെന്തെങ്കിലും പറയാന്‍? ഇതൊന്നും എം.ടിക്ക് പറഞ്ഞവസാനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല.
മരണത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വലിയ കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് എം.ടി. ജനനം മുതല്‍ നമുക്കൊപ്പം നടക്കുന്ന നിഴലാണ് മരണമെന്നും അത് ഒരുനാള്‍ നമുക്കുനേരെ തിരിഞ്ഞുനില്‍ക്കുമെന്നും അദ്ദേഹം എഴുതുകയുണ്ടായി. മരണത്തെ സാമാന്യവത്ക്കരിച്ചുകൊണ്ട് ഇങ്ങനെ എഴുതിയ എഴുത്തുകാരന്റെ മരണം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. നമ്മുടെ സാഹിത്യത്തില്‍, നമ്മുടെ സിനിമകളില്‍, നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ എല്ലാം എം.ടി അദൃശ്യ സാന്നിധ്യമായി തുടര്‍ന്നും നിലകൊള്ളും. കാലത്തിനുനേര്‍ക്ക് തിരിച്ചുപിടിച്ച മനസ്സായിരുന്നു എം.ടിക്ക് സാഹിത്യലോകം. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്.’ മുഖ്യമന്ത്രി അനുസ്മരിച്ചു.
STORY HIGHLIGHT: mt vasudevan nair commemoration speech cm