കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടമാണ്. ഏതുകാലത്തും ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനിപ്പോൾ ചൂടുകാലം വേണമെന്നൊന്നുമില്ല. ഐസ്ക്രീമിൽ വ്യത്യസ്ത രുചികൾ ലഭ്യമാണ്. എന്നാൽ ഐസ്ക്രീമിന് ശേഷം കഴിക്കുന്ന ആഹാരങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ആസ്വദിച്ചു കഴിക്കുന്നത് വിപരീത ഫലങ്ങൾ ആകും ഉണ്ടാക്കുക.
ചില ഭക്ഷണപാനീയങ്ങൾ ഐസ്ക്രീമിന് ഒപ്പം കഴിക്കാൻ പാടില്ല. ഐസ്ക്രീം കഴിച്ചതിനുശേഷം ചൂടുള്ള പാനീയങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം. ചായ, കാപ്പി, സൂപ്പ് തുടങ്ങിയവ കുടിക്കരുത്. ഇത് ചുമ, വയറുവേദന, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ശരീര താപനിലയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നു.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങൾ ഐസ്ക്രീമിന്റെ കൂടെയോ അതിനുശേഷമോ കഴിക്കരുത്. അസിഡിറ്റി അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സിട്രസ് പഴങ്ങൾ അസിഡിക് ആണ്. ഇത് ഐസ്ക്രീമിലെ പാലുമായി പ്രവർത്തിച്ച് വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഐസ്ക്രീം കഴിച്ചയുടൻ എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുന്നു. ഇതിൽ ക്യാപ്സൈസിൻ അടങ്ങിയിട്ടുണ്ട്.
ഐസ്ക്രീം കഴിച്ചശേഷം മദ്യം കഴിക്കരുത്. ഇത് ഐസ്ക്രീമിലെ പാലിന്റെ ദഹനത്തെ മന്ദഗതിയിലാക്കും. ഛർദ്ദി, വയറിളക്കം എന്നിവയ്ക്കൊപ്പം വയറുവേദനയും ഉണ്ടാക്കും. ഐസ്ക്രീം കഴിച്ച ഉടൻ ബിരിയാണി, മട്ടൺ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതല്ല. ഇങ്ങനെ കഴിക്കുന്നത് വയറിന് ദഹനക്കേട് ഉണ്ടാക്കുന്നു. ഐസ്ക്രീമിന് ഒപ്പം എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് ദഹിക്കാൻ സമയമെടുക്കും. ഇത് വയറ്റിൽ വേദനയും ഉണ്ടാക്കുകയും ചെയ്യും.