കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല, ഓരോ കടല്‍ത്തീരങ്ങള്‍ക്കും വ്യത്യസ്തയുണ്ടാകും, ചിലത് ഏകാന്തതയുടെ സുഖം തരുമ്പോള്‍ മറ്റു ചിലത് അറ്റമില്ലാത്ത വിനോദത്തിന്റെ സാധ്യതകളായിരിക്കും തരുന്നത്. ഇത്തരം കടല്‍ത്തീരങ്ങള്‍ ഏറെയുണ്ട് കര്‍ണാടകത്തില്‍. ഇതിലൊന്നാണ് ചരിത്രമുറങ്ങുന്ന ബട്കല്‍ തീരം. ഉത്തരകന്നഡ ജില്ലയിലുള്ള ബട്കല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കംകൂടിയ തുറമുഖങ്ങളിലൊന്നാണ്. വളരെ സമ്പന്നമായ ഒരു ഭൂതകാലവും ബട്കലിനുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാര്‍വാറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ബട്കല്‍.
ദേശീയപാത 17ലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കൊങ്കണ്‍ റെയില്‍വേ വഴി ബുദ്ധിമുട്ടില്ലാതെ ഇവിടെ എത്തിച്ചേരാം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബട്കല്‍ പിന്നീട് വിജയനഗര സാമ്രാജ്യത്തിന്റെയും സാലുവ ഭരണാധികാരികളുടെയും അധീനതയിലായി. അതുകഴിഞ്ഞ് ചോളരാജാക്കന്മാരും ബട്കലിനെ സ്വന്തം അധികാരപരിധിയ്ക്കുകീഴിലാക്കി. പിന്നീട് പോര്‍ച്ചുഗീസുകാര്‍ ഇവിടെയെത്തിയപ്പോള്‍ അവരും തങ്ങളുടേതായ മുദ്ര ബട്കലിന്റെ ചരിത്രത്തിന് മേല്‍ പതിപ്പിച്ചു. ടിപ്പുസുല്‍ത്താന്റെ കാലത്ത് ബ്രിട്ടീഷുകാര്‍ ബട്കല്‍ കയ്യടക്കുകയായിരുന്നു.
പ്രമുഖ രാജവംശങ്ങളുടെയും പിന്നീട് വിദേശീകളുടെയും നിയന്ത്രണത്തിലായിരുന്ന ബട്കലിന് അതുകൊണ്ടുതന്നെ പല പ്രത്യേകതകളുമുണ്ട്. അമ്പലങ്ങളും, മുസ്ലീം പള്ളികളും ജൈന ആരാധനാലയങ്ങലുമെല്ലാം ഇവിടെകാണാം. കേതപയ്യ നാരായണ ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പ്രധാനം. ജാമിയ മസ്ജിദ്, ഖലീഫ മസ്ജിദ്, നൂര്‍ മസ്ജിദ് എന്നിവയാണ് പ്രമുഖ മുസ്ലീം ആരാധനാലയങ്ങള്‍. മതപരമായ ഈ പ്രത്യേകതകള്‍ക്കൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന് ഇവിടുത്തെ മനോഹരമായ കടല്‍ത്തീരങ്ങളാണ്. മംഗലാപുരം വിമാനത്താവളമാണ് ബട്കലിന് ഏറ്റവും അടുത്ത വിമാനത്താവളം. റോഡ്, റെയില്‍ മാര്‍ഗവും ബട്കലില്‍ എത്തുക എളുപ്പമാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് കൂടുതലായും സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
STORY HIGHLIGHTS : batkal-is-a-favorite-destination-for-tourists