Health

വെള്ളമടിച്ച് വീൽ ആകുന്നവരുടെ ശ്രദ്ധയ്ക്ക്; ഹാങ് ഓവർ മാറ്റാൻ ഒരു ഒറ്റമൂലിയിതാ | tip to get rid of hangover

മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കുന്നു

ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുവർഷം പിറന്നുകഴിഞ്ഞു. മറ്റു പല സ്ഥലങ്ങളിലും ആ നിമിഷത്തിനായി ആളുകൾ കാത്തിരിക്കുകയാണ്. എല്ലായിടത്തും ആഘോഷ തീര്‍പ്പാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി മദ്യവും കൂടെയുണ്ട്. അതിപ്പോൾ സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കുന്നത് എല്ലാവരുടെയും ഒരു ഹോബിയായി മാറിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ മദ്യം കഴിക്കും. എന്നാൽ പിറ്റേദിവസം ആണ് അതിന്റെ പ്രശ്നങ്ങൾ പലരെയും അലട്ടുക. നാളെ, ജനുവരി ഒന്ന് അവധി ദിവസമല്ലാത്തതിനാൽ ആഘോഷത്തിന് ഇടയിലുള്ള മദ്യപാനത്തിന്റെ ഫലമായ ഹാങ് ഓവർ പലരെയും ബുദ്ധിമുട്ടിക്കാൻ ഇവിടെയുണ്ട്. കിടക്കയിൽ നിന്ന് നേരെ ഒന്ന് എഴുന്നേൽക്കാൻ പോലും പലർക്കും കഴിയില്ലായിരിക്കാം.

കഠിനമായ തലവേദന, ഛർദി, തലചുറ്റൽ, നിർജലീകരണം, മനംപിരട്ടൽ അങ്ങനെ പലതും വരിവരിയായി പിന്നാലെ വരും. ഉള്ളിലേക്ക് എടുക്കുന്ന മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ന്യൂ ഇയർ സെലിബ്രേഷന് ശേഷം നാളെ തല പൊക്കണമെങ്കിൽ ചില കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കണം

പ്രധാന കാരണം മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണമാണ്. മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കുന്നു.പലപ്പോഴും തുടർച്ചയായി മദ്യപിക്കുന്ന ആളുകളേക്കാൾ വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവർക്കാണ് ഹാങ്ങോവർ കൂടുതലായി ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു

മദ്യപാനം തുടങ്ങുന്നതിനു മുൻപായി തന്നെ നന്നായി ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ആദ്യ പടി. എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ പോരാ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം എന്നുള്ളതാണ്. മദ്യത്തിന്റെ അളവ് കുറച്ച് ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവറിനെ പ്രതിരോധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഹാങ് ഓവറിനെ കൂടുതൽ പ്രശ്‌നത്തിലാക്കും.

തൈര്, മോരുംവെള്ളം എന്നിവ ഹാങ് ഓവർ മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് മദ്യപാനം കാരണം ശരീരത്തിലെത്തിയിരിക്കുന്ന വിഷാംശം പുറന്തള്ളാനും നല്ലതു തന്നെ. ഒരു കപ്പ് തേങ്ങവെള്ളം,ഹെർബൽ ടീ എന്നിവയെല്ലാം ഹാങ് ഓവർ മാറ്റാനുള്ള നല്ലൊരു വഴിയാണ്. തലവേദന കുറയ്ക്കാനും ഇത് സഹായിക്കും. ഓറഞ്ച് ജ്യൂസും ഹാങ് ഓവറിന് മറുമരുന്നാണേ. ഇതിലെ വൈറ്റമിൻ സിയാണ് സഹായിക്കുന്നത്. നൂഡിൽസ് കഴിക്കുന്നത് ഹാങ്ഓവറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ ആക്കും. ഹാങ് ഓവർ മാറാൻ ഒരു ഒറ്റമൂലിയും ഉണ്ട്.

വെള്ളം, നാരങ്ങാനീര്, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് ഹാങ് ഓവറിനുള്ള ഒറ്റമൂലി തയ്യാറാക്കുന്നത്. ഇതിനൊപ്പം മഞ്ഞൾപ്പൊടിയും കുരുമുളകും, സ്റ്റീവിയ ഇലകളും പഞ്ചസാര ഒഴിച്ചുള്ള ഏതെങ്കിലും പ്രകൃതിദത്ത മധുരവും ചേർത്താണ് ഈ അത്ഭുത പാനീയം തയ്യാറാക്കുന്നത്.