കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം. എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോതിയാണ് ജാമ്യം അനുവദിച്ചത്. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം, മെഗാ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഒടുവില്‍ ഗതികെട്ട് പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. മുഖ്യസംഘാടകരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയില്‍ യുഡിഎഫ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവഹാനിയുണ്ടാക്കാവുന്ന അനാസ്ഥ സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായി എന്ന് വിലയിരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിനോടും ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ് ജനീഷ് എന്നിവരോട് വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വാദംകേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടി.
content highlight :uma-thomas-accident-all-three-arrested-accused-granted-interim-bail