Saudi Arabia

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ത്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി| Egyptian native capital punishment

കുറ്റം സമ്മതിച്ച പ്രതിയെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ജിദ്ദ: പ്രവാസി മലയാളിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഈജിപ്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ജിദ്ദ അല്‍സാമിര്‍ ജില്ലയില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാര്‍ സ്വദേശി കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ (45 വയസ്സ്) കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ത്യന്‍ പൗരന്‍ അഹ്മദ് ഫുആദ് അല്‍ സയ്യിദ് അല്‍ ലുവൈസിയെയാണ് ചൊവ്വാഴ്ച മക്ക പ്രവിശ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കുറ്റം സമ്മതിച്ച പ്രതിയെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിലെ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു കുഞ്ഞലവി. 2021 ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്പനിയുടെ കളക്ഷന്‍ തുകയുമായി മടങ്ങുകയായിരുന്ന കുഞ്ഞലവിയെ വാഹനത്തില്‍ വെച്ച് കുത്തിവീഴ്ത്തിയ ശേഷം പണവുമായി ഈജിപ്ത്യന്‍ പൗരന്‍ കടന്നുകളയുകയായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും കുഞ്ഞലവി ഓഫീസില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനകത്ത് ചേരയില്‍ കുളിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.

 

content highlight : egyptian-native-capital-punishment-executed-in-saudi-arabia