പതഞ്ഞൊഴുകുന്ന അരുവിയുടെ അനുപമമായ കാഴ്ചയാണു കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം വെള്ളച്ചാട്ടം. തട്ടുതട്ടായി ഒഴുകുന്ന അരുവിയും അഗാധതയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടവും പ്രധാന ആകർഷണം. സീസണിൽ പതഞ്ഞ് ഒഴുകുന്ന അരുവിയുടെ കാഴ്ചയാണു വേങ്ങത്താനത്തെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി വെള്ളച്ചാട്ടത്തിന്റെ സമീപത്തു ഹാൻഡ് റെയ്‍ലുകളും സ്ഥാപിച്ചിട്ടുണ്ട്.
കയറി നിന്നു വെള്ളച്ചാട്ടം കാണാൻ സൗകര്യത്തിനു വ്യൂ പോയിന്റും സജ്ജീകരിച്ചിട്ടുണ്ട്. അരുവിയുടെ സമീപത്തേക്ക് എത്തുന്ന റോഡ് ഒരു ചെറിയ ഓഫ് റോഡ് യാത്രയുടെ അനുഭവം നൽകും. ഉയരത്തിലുള്ള മലനിരകളും അഗാധമായ താഴ്ചയും കാഴ്ചയ്ക്കു മനോഹരം. എന്നാൽ അപകടത്തിൽപെടാതെ സഞ്ചാരികൾ ജാഗ്രത പാലിക്കണം. വെള്ളച്ചാട്ടങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള അരുവിയുടെ ഭാഗത്ത് സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും.
സ്വകാര്യ തോട്ടങ്ങൾ വഴിയാണ് അരുവിയിലേക്ക് എത്തേണ്ടത്. അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്ക് എത്തുമ്പോൾ അതീവ ശ്രദ്ധ വേണം. നാശനഷ്ടങ്ങൾ ഉണ്ടാക്കരുത്. മാലിന്യം തള്ളരുത്.മാളിക റോഡിൽ നിന്ന് അരുവിയിലേക്കുള്ള 1.7 കിലോമീറ്റർ റോഡ് ഓഫ് റോഡാണ്. വാഹനം കൊണ്ടു പോകുമ്പോൾ ശ്രദ്ധിക്കുക. ഒരു കാറിനു മാത്രം പോകാനുള്ള വീതിയാണു റോഡിനുള്ളത്.മരണങ്ങൾ സംഭവിച്ചിട്ടുള്ള വെള്ളച്ചാട്ടമാണ്. അരുവിയുടെ മുകൾവശത്താണ് എത്തുന്നത്. ഇവിടെ ഇറങ്ങിയാൽ വഴുക്കൽ കൂടുതലാണ്. തെന്നിവീഴുന്നത് അഗാധതയിലേക്കാണ്. വെള്ളച്ചാട്ടത്തിൽ ഇറങ്ങാതിരിക്കുന്നതാണു നല്ലത്. പാറകൾക്കു നല്ല മിനുസമാണ്. മഴ, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ്. സുരക്ഷിത അകലത്തിൽ നിന്നു വെള്ളച്ചാട്ടം ആസ്വദിക്കുന്നത് അഭികാമ്യം.
STORY HIGHLIGHTS: vengathanam-waterfalls-kottayam