മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂർ മൂച്ചിക്കലിൽ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ നഗറാണ് സമ്മേളന വേദി. പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. താനൂർ ക്രൗൺ ഓഡിറ്റോറിയത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നടക്കുന്നത്. 18 ഏരിയാ കമ്മിറ്റികളിൽനിന്നായി 332 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 370 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
പാർട്ടിയിൽ ഏകാധിപത്യ സ്വഭാവം വളർന്നുവരുന്നു എന്ന വിമർശനം ചർച്ചയാകും. മലപ്പുറത്തെ പൊലീസിനെ സംബന്ധിച്ച വിമർശനങ്ങളും പ്രതിനിധികൾ ഉയർത്തുമെന്നാണ് സൂചന. ന്യൂനപക്ഷവോട്ടുകൾ വേണ്ടത്ര സമാഹരിക്കാനാവാത്ത സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനമാണ് സിപിഎം നേതൃത്വം നടത്തുന്നത് എന്ന വിമർശനമുണ്ട്. ഇക്കാര്യങ്ങളും സമ്മേളനത്തിൽ ചർച്ചയാവുമെന്നാണ് സൂചന.