സമ്മർദ്ദം വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ ? സ്ട്രെസ് ഈറ്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ‘‘ടെൻഷനടിക്കുമ്പോൾ നിങ്ങൾക്ക് വളരെയധിക വിശപ്പും അനുഭവപ്പെടും. ചിലർക്കത് മധുരത്തോടാകാം. ചിലർക്ക് ഉപ്പിനോടാകാം. സമ്മർദമുണ്ടാകുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് ധാരാളം മഗ്നീഷ്യം നഷ്ടപ്പെടുന്നുണ്ട്. ധാതുക്കളിലുണ്ടാകുന്ന (Minerals) കുറവു മൂലമാണ് സമ്മർദനേരങ്ങളിൽ ഇങ്ങനെ വിശപ്പ് അനുഭവപ്പെടുന്നത്. പച്ചക്കറികളിൽ, പ്രത്യേകിച്ച് ഇലക്കറികളിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന വിറ്റാമിനുകൾ (vitamins ) പോലും ശരീരത്തിൽ പിടിക്കില്ല. ധാതുക്കളുടെ കുറവു മൂലമാണ് ഉപ്പിനോട് കൊതി തോന്നുന്നത്. മൈദ പോലുള്ളവയും മധുരം അടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ കഴിക്കുന്നവർക്ക് അതിനോടും കൊതി തോന്നും. ചിലർക്ക് ഒരുപാട് ടെൻഷൻ അടിച്ചാൽ മുടി കൊഴിയും. അയൺ, പ്രോട്ടീൻ മുതലായവയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്’’. ടെൻഷനും വിശപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ന്യൂട്രീഷണിസ്റ്റ് ആയ അഞ്ജലി മുഖർജി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
നീണ്ടുനിൽക്കുന്ന സമ്മർദ്ദം കോർട്ടിസോൾ എന്ന് ഹോർമോൺ പുറത്ത് വിടുന്നതിന് കാരണമാകുന്നു. കോർട്ടിസോൾ ഭക്ഷണശീലങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. കോർട്ടിസോളിന്റെ അളവ് കൂടുമ്പോൾ ആളുകൾ മധുരപലഹാരങ്ങൾക്കും കൊഴുപ്പുള്ളതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിന് പ്രേരിപ്പിക്കുന്നു.
മാനസികസമ്മർദ്ദങ്ങളെ മറികടക്കാൻ ഒരു വിനോദമെന്ന നിലക്കാണ് പലരും അമിത ഭക്ഷണം കഴിക്കുന്നത്. എന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം (After Effects) വളരെ വലുതാണ്. കോർട്ടിസോൾ മൂലം നീണ്ടുനിൽക്കുന്ന സമ്മർദ്ദവും വിശപ്പും ഒരു വ്യക്തിയുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ട്രെസ് ഈറ്റിംഗ് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഗാസിയാബാദ് മണിപ്പാൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. മനീഷ് കാക്ക് പറയുന്നു.
അമിതവണ്ണം…
വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു. കൊഴുപ്പ്, പഞ്ചസാര, കലോറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് അമിതവണ്ണം ഉണ്ടാകുന്നത്. പൊണ്ണത്തടി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സന്ധി പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും.
ഫാറ്റി ലിവർ രോഗം…
സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഒരാൾ വറുത്തതോ പഞ്ചസാരയോ പൂരിതമോ ആയ ജങ്ക് ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു.
നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH)…
ഫാറ്റി ലിവർ രോഗത്തിൽ നിന്ന് പുരോഗമിക്കുന്ന മറ്റൊരു ഗുരുതരമായ അവസ്ഥയാണ് നാഷ്. നാഷ് ഒരു തരം ഹെപ്പറ്റൈറ്റിസ് ആണ്. ഇത് വീക്കം ഉണ്ടാക്കുകയും കരൾ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നതും ആരോഗ്യത്തിന് കാര്യമായ അപകടസാധ്യതകൾ ഉണ്ടാക്കുന്നു.
ലിവർ സിറോസിസ്…
സ്ട്രെസ് മൂലം അമിതമായി കഴിക്കുന്നത് ലിവർ സിറോസിസിന് കാരണമാകും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കും കരൾ മൂലമുണ്ടാകുന്ന മരണങ്ങൾക്കും ഇപ്പോൾ പ്രധാന കാരണം ലിവർ സിറോസിസ് ആണ്. സമ്മർദം മൂലമുള്ള അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ലിവർ സിറോസിസ് വർദ്ധിപ്പിക്കും.
content highlight: do-you-over-eat-when-stressed-time