കലൂര്‍ സ്റ്റേഡിയം അപകടം; പണം ഇടപാടിൽ പൊലീസ് കേസെടുത്തു

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

നൃത്തപരിപാടിയിലെ പണപിരിവിൽ പൊലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു.എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു.

നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.