Kerala

കുട്ടനാട് തറവാട്ടുവകയല്ല, മന്ത്രിപദവിക്കായുള്ള തമ്മിൽ തല്ല് കണ്ട് കേരളം ചിരിക്കുന്നു: എൻസിപി മന്ത്രി തർക്കത്തിൽ വിമർശനവുമായി വെള്ളാപ്പള്ളി

എൻസിപിക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗംനാദം’ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണ്. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എ.കെ ശശീന്ദ്രൻ ജനപിന്തുണയുള്ള ആളാണ്. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന കരുതുന്ന ആളാണ് തോമസ് കെ തോമസ്. ഇടത് മുന്നണിയോടുള്ള സ്‌നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.