തിരുവനന്തപുരം: സ്വർണത്തിന്‍റെയും മറ്റ് വിലയേറിയ രത്‌നങ്ങളുടെയും കേരളത്തിനകത്തുള്ള ചരക്ക് നീക്കത്തിന് ഇന്നുമുതൽ ഇ-വേ ബിൽ നിർബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ഉത്പന്നങ്ങളുടെ ചരക്ക് നീക്കത്തിനാണ് നിയന്ത്രണം.
സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ഇ വേ ബില്‍ നിര്‍ബന്ധമാണ്.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അറിയിപ്പ് പ്രകാരം ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട്-എ ജനറേറ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റ് പരിശോധിക്കാം.
ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജി.എസ്ടി കൗണ്‍സിലില്‍ കേരളം ഉന്നയിച്ചത്. നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യാപാരികളും സംഘടനകളും നടത്തിയ തുടര്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തുലക്ഷം പരിധിയില്‍ എത്തിയത്.
CONTENT HIGHLIGHT: e way bill mandatory for transporting gold