ന്യൂ ഇയർ ആഘോഷിച്ച് തകർത്തതിന് ക്ഷീണത്തിൽ ആയിരിക്കും എല്ലാവരും അല്ലേ? ലോകത്തിന്റെ വിവിധ കോണുകളിൽ പുതുവർഷത്തെ വരവേൽറ്റത് വലിയ ആഘോഷ തിമിർപ്പോട് കൂടിയിട്ടായിരുന്നു. വീടുകളിൽ മാത്രമല്ല പലസ്ഥലങ്ങളിലും പബുകളിലും ബീച്ചുകളിലും എല്ലാം ആഘോഷങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ 2025 നെ വരവേൽക്കുന്നതിനായി ഇന്ത്യക്കാർ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്
ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഡാറ്റ പ്രകാരം പാല്‍, ചോക്ലേറ്റുകള്‍, മുന്തിരി, പനീര്‍, ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, വെള്ളക്കുപ്പികള്‍, ഐസ് ക്യൂബുകള്‍, കോണ്ടം തുടങ്ങിയ സാധനങ്ങളാണ് കഴിഞ്ഞ ദിവസം കൂടുതലായും ആളുകള്‍ ഓര്‍ഡര്‍ ചെയ്തത്.
ബ്ലിങ്കിറ്റിന്റെ സിഇഒ ആല്‍ബിന്ദര്‍ ധിന്‍ഡ്‌സ, സ്വിഗ്ഗി-സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സഹസ്ഥാപകന്‍ ഫാനി കിഷന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ 2.3 ലക്ഷം ആലൂ ബുജിയ പാക്കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടുവെന്ന് ബ്ലിങ്കിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ മിനിറ്റിലും 853 ചിപ്‌സ് ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. 6,834 പാക്കറ്റ് ഐസ് ക്യൂബുകളാണ് ബ്ലിങ്കിറ്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ആല്‍ക്കഹോളില്ലാത്ത ശീതള പാനീയങ്ങള്‍ക്കും വലിയ രീതിയിലുള്ള ഓര്‍ഡറുകള്‍ വന്നിരുന്നു. ബിഗ്ബാസ്‌ക്കറ്റില്‍ മാത്രം 552 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസ്‌പോസിബിള്‍ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും വില്‍പ്പനയില്‍ 325 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുന്നു. സോഡയുടെയും മോക്ടെയിലിന്റെയും വില്‍പ്പനയില്‍ 200 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഈ ദിവസം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഗിഫ്റ്റുകള്‍ അയക്കപ്പെട്ടത് അമേരിക്ക, ലണ്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് ഫാനി കിഷന്‍ പറയുന്നു.
CONTENT HIGHLIGHT: indians ordered items in new year eve