രാജ്യത്തിൻ്റെ രാഷ്ട്രീയ ഘടന അപകടകരമായ സാഹചര്യത്തിലൂടെയാണ് പോകുന്നതെന്ന് എ വിജയരാഘവൻ. ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പിലാക്കുന്നത്. തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്. ഒരു മുസ്ലിമായ വ്യക്തി ഒരു കേസിൽ പ്രതിയായാൽ അദ്ദേഹത്തിന്റെ വീട് തകർക്കുന്നു. ഹലാൽ എന്ന വാക്ക് തന്നെ നിരോധിച്ചു. മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട വാക്കാണ് ഹലാൽ. തീർത്ഥാടനം നടത്തുന്ന മേഖലയിൽ മറ്റ് മതസ്ഥർ കച്ചവടം നടത്തരുതെന്ന് നിർദേശം കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗക്കാർക്കും തുല്യ പരിഗണന നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഭരണഘടനയുടെ തുടക്കം മുതൽ ആർഎസ്എസ് അതിനെ എതിർത്തുവെന്നും ഹിന്ദുത്വ അജണ്ടകളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. മതേതരത്വം ഇല്ലാതാക്കാനാണ് ശ്രമമെന്നും അതിനു വേണ്ടി മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നുവെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.