യുവാവിന്റെ ആക്രമണത്തിൽ വാർഡ് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാങ്കുളം ടൗണിൽ വച്ചായിരുന്നു ആക്രമണം. മാങ്കുളം സ്വദേശി ബിനോയ് എന്ന യുവാവാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബിനോയ് മദ്യലഹരിയിലാണ് ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾ ഒളിവിലാണ്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പെട്ടെന്നായിരുന്നു വാർഡ് മെമ്പറെ ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് മെമ്പർ ബിബിൻ ജോസഫ്. പരിക്ക് സാരമുള്ളതല്ലന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.