മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി. തീവ്രവാദ വോട്ടുകള്‍ നേടുന്നതിനായി പിണറായി ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. മറ്റ് മതങ്ങള്‍ക്കെതിരെ സമാനമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് പൂനെവാല പിണറായിയെ വെല്ലുവിളിച്ചു. പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, പക്ഷേ, അവരുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. സനാതന ധര്‍മത്തെ അവര്‍ വീണ്ടും അപമാനിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തങ്ങളെ മറികടന്നുവെന്നാണ് ഇടതുപക്ഷം കരുതുന്നത്. തീവ്രവാദ വോട്ട് നേടാന്‍ അവര്‍ ഹിന്ദുമത വിശ്വാസത്തിനും സനാതന ധര്‍മത്തിനും നേരെ ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നു. മറ്റേതെങ്കിലും മതത്തിനെതിരെ പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? അവര്‍ അങ്ങനെ പറയുന്നില്ലല്ലോയെന്നും പൂനെവാല ചോദിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ശിവഗിരി തീര്‍ഥാടനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സനാതനധർമത്തിൻ്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ മാറ്റാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് പിണറായി പറഞ്ഞത്. ഗുരുവിനെ സനാതന ധർമത്തിന്‍റെ ചട്ടക്കൂട്ടിലാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണ്. ഗുരുവിനെ ജാതിയുടെ കള്ളിയിൽ ഒതുക്കുകയാണ്. ജാതി വിവേചനത്തിനെതിരെ പോരാടിയ ഗുരുവിനെ സനാതന ധർമത്തിന്‍റെ വക്താവാക്കാനാണ് സംഘപരിവാർ ശ്രമം. സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.