തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. ശബരിമലയിൽ തീർത്ഥാടനം ഇതുവരെ ഭംഗിയായി നടന്നു കൊണ്ടിരിക്കുകയാണെന്നും 32 ലക്ഷത്തിലധികം ആളുകൾ ഇതുവരെ തടസമേതുമില്ലാതെ ദർശനം നടത്തിയതായും വിഎൻ വാസവൻ പറഞ്ഞു. മകരവിളക്ക് ദർശനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് തീർത്ഥാടനം ഭംഗിയാക്കുന്നതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ വന്നു. ദർശനം സുഗമമായി മുന്നോട്ടു പോകുന്നു. 12 ന് വൈകുന്നേരം തമിഴ്നാട് ദേവസ്വം മന്ത്രി അവിടെ എത്തിച്ചേരും. നടൻ ജയറാമും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മകരവിളക്കിന്റെ അന്ന് ഹരിവരാസനം പുരസ്കാരം നൽകും. ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ് ഈ വർഷത്തെ അവാർഡ്. 14 ന് ശബരിമലയിൽ വെച്ചാവും പുരസ്കാര വിതരണം നടക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.