അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 9 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2025 ജനുവരി 10 നാണു റിലീസ് ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കഴിഞ്ഞ 12 വർഷമായി പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.
രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒരു ഫാൻ്റസി കോമഡി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് റിലീസ് ചെയ്ത ട്രെയ്ലർ നൽകുന്നത്. സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
STORY HIGHLIGHT: ennu swantham punyalan movie