വയനാട് ഉരുൾപ്പൊട്ടൽ പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പുനരധിവാസ പദ്ധതി വിശദീകരിച്ച് അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി കെ രാജന്‍ നാളെ വയനാട്ടിലേക്ക് പോകും.
അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീര്‍ക്കാനാണ് സർക്കാരിന്റെ പദ്ധതി.